കശ്മീരില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നു

ശ്രീനഗര്‍: കശ്മീരില്‍ സര്‍വ്വകക്ഷി സംഘത്തിന്‍റെ സമാധാന ദൗത്യം പരാജയപ്പെട്ടതോടെ സംഘര്‍ഷ പ്രദേശങ്ങളില്‍  കരസേനയുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിരിക്കുന്ന ദക്ഷിണ കശ്മീരിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ കരസേനാംഗങ്ങളെ വിന്യസിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

താഴ്വരയിലെ ഗ്രാമീണ മേഖലകളിലേക്കും  കരസേനയെ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്.  വിഘടനവാദികള്‍ക്കും പ്രക്ഷോഭകര്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും സൈനിക പട്രോളിങ് വര്‍ധിപ്പിക്കുമെന്നും വാര്‍ത്താവൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്‍.ഡി.ടി.വി യാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഘര്‍ഷത്തിന്‍റെ മറവില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്ന ഭീകരരെ നേരിടുകയെന്നതും സേന വിന്യാസം ശക്തിപ്പെടുത്തതിലൂടെ ലക്ഷ്യമിടുന്നുണ്ട്. പ്രക്ഷോഭകാരികളെ എതിരിടുന്നതിന് പ്രത്യേക പരിശീലനവും  യന്ത്രത്തോക്കുകളുമായാണ് സൈന്യം പട്രോളിങിന് ഇറങ്ങുക. നിലവില്‍ പെല്ലറ്റ് ഗണ്ണുപോലുള്ള ആയുധങ്ങളാണ് അര്‍ധസൈനിക വിഭാഗങ്ങള്‍ ഉപയോഗിക്കുന്നത്. പെല്ലറ്റ് ഗണ്ണിനു പകരം പവ ഷെല്ലുകള്‍ ഉപയോഗിക്കാനും നീക്കമുണ്ട്.

സൈനിക വിന്യാസത്തോടെ മേഖലയിലെ പോലീസ്, അര്‍ധ സൈനിക വിഭാഗങ്ങള്‍ എന്നിവയുടെ പ്രസക്തി കുറയും. സൈന്യത്തിന്‍്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ക്രമസമാധാന പാലനം നടക്കുക. ഗ്രാമീണ മേഖലകളില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഇടപെടലുകളും ഇതോടെ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ആര്‍മി തലവന്‍ ജനറല്‍ ദല്‍ബീര്‍ സിങ് സുഹാബ് നടത്തുന്ന കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കടുത്ത നിലപാടുകളിലേക്ക് സൈന്യം നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈനിക നടപടികളിലുടെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷമുടലെടുത്തത്. ഇതുവരെ 70 ഓളം പേര്‍ മരിക്കുകയും 10,000 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈയാഴ്ച സര്‍വകക്ഷിസംഘം കശ്മീര്‍ സന്ദര്‍ശിച്ചു പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചങ്കെിലും പരാജയപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.