അമിത് ഷാ പങ്കെടുത്ത സൂറത്തിലെ യോഗം ഹാര്‍ദിക് പട്ടേലിന്‍െറ അനുയായികള്‍ കൈയേറി

സൂറത്ത്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത സൂറത്തിലെ യോഗം ഹാര്‍ദിക് പട്ടേലിന്‍െറ അനുയായികള്‍  ഇരച്ചുകയറി അലങ്കോലമാക്കി. ഗുജറാത്തിലെ വിജയ് രുപാനി മന്ത്രിസഭയില്‍ അംഗങ്ങളായ പട്ടേല്‍ വിഭാഗക്കാര്‍ക്കുള്ള  സ്വീകരണ ചടങ്ങാണ് പട്ടേല്‍ സംവരണത്തിന് വാദിക്കുന്ന ഹാര്‍ദികിന്‍െറ ആളുകള്‍ കൈയേറിയത്. കേന്ദ്രമന്ത്രി പുരുഷോത്തം റുപാല സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അമിത് ഷാ വേദിയിലേക്ക് പ്രവേശിച്ചപ്പോള്‍തന്നെ ഹാര്‍ദിക്, ഹാര്‍ദിക് വിളികളുമായി സദസ്സിന്‍െറ അവസാനനിരയില്‍നിന്ന് ബഹളമുയരുകയായിരുന്നു. പിന്നാലെ സദസ്സിലെ കസേരകള്‍ കൂട്ടത്തോടെ തകര്‍ക്കുകയും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തതോടെ സദസ്സിലുണ്ടായിരുന്ന  ഭൂരിഭാഗം ആളുകളും പിന്തിരിയുകയായിരുന്നു. ഇതിനിടെ പ്രസംഗിക്കാനായി എഴുന്നേറ്റ അമിതാ ഷാക്ക് ആറ് മിനിറ്റ് മാത്രമാണ് സദസ്സിനെ അഭിസംബോധന ചെയ്യാനായത്. വേദിയിലേക്ക് പാഞ്ഞടുക്കാന്‍ ശ്രമിച്ച 40ഓളം വരുന്ന പട്ടേല്‍ സമുദായ നേതാക്കളെ പൊലീസ് തടഞ്ഞതോടെയാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.
ബി.ജെ.പിയുടെ ശക്തി തെളിയിക്കുന്നതോടൊപ്പം സംവരണ വിഷയത്തില്‍ നേതൃത്വവുമായി പിണങ്ങിനില്‍ക്കുന്ന പട്ടേല്‍ സമുദായക്കാരെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യംകൂടി മുന്നില്‍കണ്ടാണ് അമിത് ഷായുടെ നിര്‍ദേശപ്രകാരം സൂറത്തില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. എന്നാല്‍, പരിപാടി അലങ്കോലപ്പെടാന്‍ കാരണം കോണ്‍ഗ്രസിന്‍െറ ഗൂഢാലോചനയെ തുടര്‍ന്ന് ഒരു സംഘം സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറിയതിനാലാണെന്നായിരുന്നു സംഭവത്തെക്കുറിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്.
പട്ടേല്‍ സമുദായത്തിന് സാമൂഹികനീതിയും സംവരണവും നിഷേധിക്കുകയാണെന്ന് ആരോപിച്ച് ഹാര്‍ദിക് പട്ടേല്‍ എന്ന 23കാരന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 40 ദിവസത്തെ പ്രക്ഷോഭപരിപാടികള്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാത്രമല്ല, ഈ സമുദായത്തെ വേദനിപ്പിക്കാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ സര്‍ക്കാറിനെ തകര്‍ക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ പ്രക്ഷോഭം തുടരുകതന്നെ ചെയ്യുമെന്നും പൊലീസിനെ ഉപയോഗിച്ച് സംവരണസമരത്തെ അടിച്ചമര്‍ത്താമെന്നാണ് ധരിക്കുന്നതെങ്കില്‍ ആദ്യം എന്നെ കൊല്ളേണ്ടിവരുമെന്ന് വിശദീകരിക്കുന്ന തരത്തില്‍ അമിത് ഷായെ അഭിസംബോധന ചെയ്ത് ഹാര്‍ദിക് പട്ടേല്‍  ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.