മഹ്ബൂബയോട് രൂക്ഷമായി പ്രതികരിച്ച് ഹുര്‍റിയത്

ന്യൂഡല്‍ഹി: ജയിലിലും വീട്ടുതടങ്കലിലും പാര്‍പ്പിച്ച ഹുര്‍റിയത് നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മീര്‍വാഇസ് ഉമര്‍ ഫാറൂഖ്, ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലിക് എന്നിവരെ കൂടിക്കാഴ്ചക്കു ക്ഷണിച്ച് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി അയച്ച കത്തിനോട് അതിരൂക്ഷമായ ഭാഷയിലാണ് മൂവരും സംയുക്ത പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

എല്ലാ മനുഷ്യജീവികളുടെയും ജന്മാവകാശമായ സ്വാതന്ത്ര്യം എന്ന ആവശ്യമുന്നയിച്ചതിന് മുഴുവന്‍ ജനസംഖ്യയെയും കൊന്നും അംഗഭംഗം വരുത്തിയും ഇന്ത്യയുടെ യുദ്ധസംവിധാനം ആഘോഷത്തിമിര്‍പ്പിലായത് മഹ്ബൂബജിയെക്കാളും ബോധ്യമുള്ള ആരുമുണ്ടാവില്ല എന്ന് പ്രസ്താവനയില്‍ മൂവരും വ്യക്തമാക്കി.

നിര്‍ഭാഗ്യവശാല്‍ കിരാതമായ ഈ സൈനിക അധിനിവേശത്തിന് അത്തിമരത്തിന്‍െറ ഇലപോലെ നല്‍കിയ സിവിലിയന്‍ മുഖംമൂടി മാത്രമാണ് നാടിന്‍െറ ശത്രുവിനെ സഹായിക്കുന്ന സര്‍ക്കാറിന്‍െറ രൂപത്തിലുള്ളതെന്ന് പി.ഡി.പി-ബി.ജെ.പി സഖ്യത്തെ പ്രസ്താവന വിമര്‍ശിച്ചു. യുദ്ധസമാനമായ കൊലകള്‍ക്കും പരിക്കുകള്‍ക്കും ശേഷവും നാണമില്ലാതെ ഇപ്പോഴും ഇരുട്ടാക്കുകയെന്ന തന്‍െറ റോള്‍ നിര്‍വഹിക്കുകയാണ് മഹ്ബൂബ. തെരുവിലിറങ്ങിയ ജനം വിളിക്കുന്നത് ആസാദി മുദ്രാവാക്യം കേള്‍ക്കുന്ന,  പ്ളക്കാര്‍ഡുകളിലും ചുമരുകളിലുമുള്ളത് വായിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും.

ജമ്മു-കശ്മീരിന്‍െറ സ്വയംനിര്‍ണയാവകാശം എന്ന കൃത്യമായ അജണ്ട മുന്നോട്ടുവെക്കാതെയുള്ള സംഭാഷണംകൊണ്ട് കാര്യമില്ളെന്ന് എല്ലാ വേദികളിലും തങ്ങള്‍ വ്യക്തമാക്കിയതാണ്. വെറുതെ ഒരു സംഘത്തെ അയച്ചത് എന്തു പ്രതീക്ഷയാണുണ്ടാക്കുന്നതെന്ന് ഒരാള്‍ക്കും മനസ്സിലാകുന്നില്ളെന്നും പ്രസ്താവന തുടര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.