ന്യൂഡൽഹി: ഡൽഹി മുൻമന്ത്രി സന്ദീപ് കുമാറിനെ ആംആദ്മി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലൈംഗിക അപവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം തെറിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സന്ദീപ്കുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ആം ആദ്മി പാർട്ടി ചെയ്ർമാൻ അരവിന്ദ് കെജ് രിവാൾ വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പാർട്ടി അംഗങ്ങളെ അറിയിച്ചത്. ആം ആദ്മി പാർട്ടിയേയും പ്രസ്ഥാനത്തേയും സന്ദീപ്കുമാർ വഞ്ചിച്ചതായി സന്ദേശത്തിൽ പറയുന്നു. നമ്മുടെ മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കാൻ നാം ഉദ്ദേശിക്കുന്നില്ല. തെറ്റായ ചെയ്തികളെ സഹിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത് എന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഡൽഹി വനിതാ-ശിശു ക്ഷേമ മന്ത്രിയായിരുന്നു സന്ദീപ്കുമാർ.
എന്നാൽ, നടപടിക്ക് കാരണമായ വിഡിയോയിലും ഫോട്ടോകളിലും ഉള്ളത് താനല്ലെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമാണ് സന്ദീപ്കുമാറിന്‍റെ ആവശ്യം. താനൊരു ദലിതനായതുകൊണ്ടാണ് നടപടിക്ക് വിധേയനായത് എന്നും മുൻമന്ത്രി ആരോപിച്ചിരുന്നു.
സന്ദീപ്കുമാറും രണ്ട് സ്ത്രീകളുമൊത്തുള്ള വിഡിയോ ദൃശ്യവും ചില ഫോട്ടോകളും ദിവസങ്ങൾക്ക് മുൻപാണ് പ്രചാരത്തിലായത്. സിഡി ലഭിച്ചതിന് മുപ്പത് മിനിറ്റുകൾക്കുള്ളിൽ തന്നെ മന്ത്രിയെ പുറത്താക്കിയെന്ന് എ.എ.പി നേതൃത്വം അവകാശപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ അധികരമേറ്റെടുത്ത ആപ് മന്ത്രിസഭയിൽ നിന്ന് പുറത്താകുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്കുമാർ. മന്ത്രിസഭയിലെ ആറ് മന്ത്രിമാർ ഒന്നിൽ കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്തുവരുന്നുണ്ട് ഇപ്പോൾ. സന്ദീപ്കുമാറിെന്‍റ സ്ഥാനത്തേക്ക് ഒരു ദലിതനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് കെജ് രിവാൾ എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.