സ്​പെക്​ട്രം ലേലം : നടന്നത് കമ്പനികളുടെ ഒത്തുകളി; മൊബൈല്‍ വരിക്കാര്‍ക്കും നഷ്ടം

ന്യൂഡല്‍ഹി: അഞ്ചു ദിവസം നീണ്ട സ്പെക്ട്രം ലേലത്തില്‍ സര്‍ക്കാറിന്‍െറ പ്രതീക്ഷ പാളിയത് മൊബൈല്‍ ഉപഭോക്താക്കള്‍ക്കും നഷ്ടമായി. സര്‍ക്കാര്‍ ലേലത്തിനുവെച്ച സ്പെക്ട്രം 40 ശതമാനം മാത്രമാണ് വിറ്റുപോയത്. വിറ്റുപോകാതെ ബാക്കിയായതില്‍ പ്രധാനം 700 മെഗാഹെഡ്സ് ബാന്‍ഡാണ്.
4ജി സേവനം കൂടുതല്‍ മികവുറ്റ രീതിയില്‍ നല്‍കാനുതകുന്ന ബാന്‍ഡാണിത്. 700 മെഗാഹെഡ്സ് ഇതാദ്യമായാണ് ലേലത്തിനുവെച്ചത്. കെട്ടിടത്തിനുള്ളില്‍പോലും അതിവേഗ ഇന്‍റര്‍നെറ്റും ശബ്ദവ്യക്തതയും ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍െറ പ്രത്യേകത. എന്നാല്‍, ലേലത്തില്‍ പങ്കെടുത്ത എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ഏഴു ടെലികോം കമ്പനികള്‍ ഒന്നുപോലും 700 മെഗാഹെഡ്സ് ബാന്‍ഡിനുവേണ്ടി രംഗത്തുവന്നില്ല. ഇതോടെ, കൂടുതല്‍ മെച്ചപ്പെട്ട മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം ലഭിക്കാനുള്ള മൊബൈല്‍ ഉപഭോക്താക്കളുടെ അവസരം നഷ്ടമായി. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ഉയര്‍ന്ന അടിസ്ഥാന വില ഉയര്‍ത്തിക്കാട്ടിയാണ് ടെലികോം കമ്പനികള്‍ 700 മെഗാഹെഡ്സിന് ലേലം വിളിക്കാതിരുന്നത്. ഇക്കുറി സ്പെക്ട്രം ലേലത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചത് 5.6 ലക്ഷം കോടി രൂപയാണ്.

ഇതില്‍ നാലു ലക്ഷം കോടിയിലേറെ 700 മെഗാഹെഡ്സ് ബാന്‍ഡില്‍നിന്നാണ് പ്രതീക്ഷിച്ചത്. അതിനായി കമ്പനികള്‍ മുന്നോട്ടുവരാന്‍ വിസമ്മതിച്ചതോടെ സര്‍ക്കാറിന്‍െറ പ്രതീക്ഷയും മൂക്കുകുത്തി. കേവലം 65,789 കോടി രൂപ മാത്രമാണ് അഞ്ചു ദിവസം നീണ്ട ലേലത്തില്‍ ലഭിച്ചത്. 700 മെഗാഹെഡ്സിന്‍െറ അടിസ്ഥാന വില നാലു ലക്ഷം കോടി എന്നത് ഇന്നത്തെ വിപണി സാഹചര്യത്തില്‍ യാഥാര്‍ഥ്യബോധ്യത്തോടെയുള്ളതല്ളെന്നാണ് കമ്പനികളുടെ വാദം.  ലേലം തുടങ്ങുന്നതിനുമുമ്പ് തന്നെ ഇക്കാര്യം ഉന്നയിച്ച കമ്പനികള്‍ അടിസ്ഥാന വില കുറക്കാന്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു.  

എന്നാല്‍, വില കുറക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അതിനുള്ള തിരിച്ചടി എന്നനിലക്ക് ടെലികോം കമ്പനികളുടെ ഒത്തുകളിയാണ് സംഭവിച്ചതെന്നും വിലയിരുത്തപ്പെടുന്നു. 700 മെഗാഹെഡ്സ് ലേലത്തില്‍നിന്ന് കൂട്ടത്തോടെ മാറിനിന്നത് കമ്പനികള്‍ തമ്മിലുള്ള മുന്‍കൂര്‍ ധാരണയുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാറിനെക്കൊണ്ട് വില കുറപ്പിക്കാനുള്ള സമ്മര്‍ദതന്ത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്. വില കുറച്ച് വീണ്ടും ലേലത്തിനുവെച്ചാല്‍ 700 മെഗാഹെഡ്സ് ബാന്‍ഡ് ഏറ്റെടുക്കാന്‍ തയാറാണെന്ന് ടെലികോം കമ്പനികളുടെ കൂട്ടായ്മ സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞത് നല്‍കുന്ന സൂചനതയും അതുതന്നെ.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.