പാകിസ്താന്‍േറത് പാഴ്ശ്രമം; കശ്മീര്‍ അവിഭാജ്യഘടകമെന്ന് യു.എന്നില്‍ ഇന്ത്യ

യുനൈറ്റഡ് നാഷന്‍സ്: കശ്മീരിനുവേണ്ടി പാകിസ്താന്‍ പാഴ്ശ്രമം നടത്തേണ്ടെന്നും കശ്മീര്‍ രാജ്യത്തിന്‍െറ അവിഭാജ്യഘടകമാണെന്നും ഇന്ത്യ. യു.എന്‍ പൊതുസഭയില്‍ പാക് പ്രതിനിധി മലീഹ ലോഥി നടത്തിയ പ്രസ്താവനക്ക് മറുപടി പറയവെയാണ് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിന്‍െറ കാര്യത്തില്‍ മറ്റ് രാഷ്ട്രങ്ങളുടെ മുന്നില്‍ വാസ്തവം വളച്ചൊടിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. അതിര്‍ത്തിയില്‍ നിലവില്‍ സംജാതമായ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി ഇന്ത്യയാണെന്ന പാകിസ്താന്‍െറ ആരോപണവും സയ്യിദ് അക്ബറുദ്ദീന്‍ നിഷേധിച്ചു.

കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചരിത്രത്തെ നിഷേധിച്ചുകൊണ്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് പാക് ശ്രമം. ഇതിനായി യു.എന്‍ പോലുള്ള വേദികളെ ആ രാഷ്ട്രം ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കാലഹരണപ്പെട്ട വാദങ്ങളാണ് പാകിസ്താന്‍ ഉയര്‍ത്തുന്നത്. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ പൊതുസഭയില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നടത്തിയ ആവകാശവാദങ്ങളെ പിന്തുണക്കാന്‍ ആരും മുന്നോട്ടുവന്നില്ളെന്നും അദ്ദേഹം ചൂണ്ടിക്കട്ടി. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ പാകിസ്താന്‍ തയാറാണെന്നും നിലവില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ട ഇന്ത്യയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കേണ്ടതെന്നും പറഞ്ഞ പാക് പ്രതിനിധി മലീഹ ലോഥി കശ്മീരില്‍ ഹിതപരിശോധന നടത്താന്‍ ഇന്ത്യ തയാറാവണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ ആവശ്യമില്ലാതെ പ്രകോപനം സൃഷ്ടിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.


ഇന്ത്യയെ അന്താരാഷ്ട്ര സമൂഹം
അപലപിക്കണമെന്ന്
പാക് സൈനിക മേധാവി

ന്യൂഡല്‍ഹി: ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ നിരന്തരമായി കുത്സിത നീക്കങ്ങളും കെട്ടിച്ചമച്ച പ്രചാരണങ്ങളും അഴിച്ചുവിടുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യക്കെതിരെ നടപടി വേണമെന്ന് പാക് സൈനിക മേധാവി റഹീല്‍ ശരീഫ്.  ഭീകരതയുടെ പേരില്‍ ആഗോളതലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുകയാണെന്ന് സൂചിപ്പിച്ച് പാക് സൈന്യത്തിനും ഐ.എസ്.ഐക്കുമെതിരെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വിമര്‍ശമുന്നയിച്ച പശ്ചാത്തലത്തിലാണ് സൈനിക മേധാവിയുടെ പ്രസ്താവന. ഭീകരതക്കെതിരായ ആഗോള പോരാട്ടത്തില്‍ സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ രാജ്യമാണ് പാകിസ്താന്‍.

രാജ്യത്തിനുനേരെ ശത്രുവിന്‍െറ ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി പ്രതീക്ഷിക്കാമെന്നും അത്രമാത്രം ശക്തമാണ് പാക് സൈന്യമെന്നും മേധാവി അവകാശപ്പെട്ടു. വസ്തുതകളെ വളച്ചൊടിച്ചുള്ള പ്രചാരണത്തിന് പിന്നാലെ പാക് അധീന കശ്മീരിലും നിയന്ത്രണരേഖയിലും ആക്രമണം നടത്തിയെന്നതരത്തില്‍ നിര്‍ഭാഗ്യകരവും നിരാശജനകവുമായ പ്രചാരണങ്ങളാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഏതുതരത്തിലും ഉചിതമായ തിരിച്ചടി നല്‍കാന്‍ പാകിസ്താന്‍ സായുധസേന സര്‍വസജ്ജമാണെന്നും സൈനിക മേധാവി റിസാല്‍പുറില്‍ നടന്ന ചടങ്ങിനിടെ പറഞ്ഞു.


മിന്നലാക്രമണം ഫലിച്ചു –ഇന്ത്യ
ന്യൂഡല്‍ഹി: ഭീകര സങ്കേതങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം പാകിസ്താന് വ്യക്തമായ സന്ദേശം നല്‍കിയെന്നും ഉദ്ദേശിച്ച ഫലം കിട്ടിയെന്നും ഇന്ത്യ.പാകിസ്താന്‍ മൂടിവെക്കാന്‍ ശ്രമിച്ചാലും മിന്നലാക്രമണം സംബന്ധിച്ച സത്യം പുറത്തുവരികതന്നെ ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.ഏല്‍പിച്ച ദൗത്യം ഇന്ത്യന്‍ സേന അതിസൂക്ഷ്മതയോടെ നിര്‍വഹിച്ചു. മിന്നലാക്രമണം നടന്നിട്ടില്ളെന്ന പാകിസ്താന്‍െറ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ പാകത്തില്‍ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമോ വേണ്ടയോ എന്ന് സര്‍ക്കാറാണ് തീരുമാനിക്കുകയെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി വികാസ് സ്വരൂപ് പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.