എന്‍.ഡി.എ സര്‍ക്കാറിന് കീഴില്‍ നിരാശ പ്രതീക്ഷക്ക് വഴിമാറി -മോദി

ലഖ്നോ: യു.പി.എ സര്‍ക്കാറിന്‍െറ കാലത്തെ വികസനമില്ലായ്മയുടെയും നിരാശയുടെയും സ്ഥാനത്ത് എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഭരണത്തിന്‍കീഴില്‍ വികസന മനോഭാവവും പ്രതീക്ഷയുമാണ് പുലരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍െറ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും പൊതുധനം കൊള്ളയടിക്കുന്നത് തടയാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ സംഘടിപ്പിക്കുന്ന നാല് റാലികളില്‍ ആദ്യത്തേത് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്‍െറ മുന്നൊരുക്കമായാണ് ഉത്തര്‍പ്രദേശില്‍ വിപുലമായ റാലികള്‍ നടത്തുന്നത്.
കര്‍ഷകരുടെ ക്ഷേമം അന്വേഷിക്കുന്ന ‘യു.പി വാല’യാണ് താന്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കരിമ്പ് കര്‍ഷകരുടെ വായ്പ തിരിച്ചടക്കുന്നതിന് നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച കാര്യം മോദി അനുസ്മരിച്ചു. മറ്റ് സര്‍ക്കാര്‍ കരിമ്പ് കര്‍ഷകരെ അവഗണിച്ച സ്ഥാനത്താണ് തന്‍െറ സര്‍ക്കാര്‍ സഹായവുമായി എത്തിയത്. തന്‍െറ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ളതാകുമെന്നാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വാഗ്ദാനം നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ സര്‍ക്കാറിന്‍െറ നടപടികള്‍ വിലയിരുത്തിയാല്‍ ഓരോന്നും പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണെന്ന് മനസ്സിലാകും. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം വികസനമാണ്. മറ്റെല്ലാ വിഷയങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്‍െറ സര്‍ക്കാറിന്‍െറ മന$സാക്ഷി സംശുദ്ധമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പുരോഗതിയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.