ഒളികാമറ: സി.ബി.ഐ അന്വേഷണ ശിപാര്‍ശ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പിന്‍വലിച്ചു

ഡെറാഡൂണ്‍: വിശ്വാസവോട്ടെടുപ്പില്‍ തങ്ങള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമത എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യങ്ങള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിനായി സമര്‍പ്പിച്ച ശിപാര്‍ശ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാന പാര്‍ലമെന്‍ററി കാര്യ മന്ത്രി ഇന്ദിര ഹൃദായേഷിന്‍െറ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അതേസമയം, വിഷയത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
നേരത്തേ, ഒളികാമാറ ദൃശ്യങ്ങള്‍ പരിശോധിച്ച സി.ബി.ഐ ഹരീഷ് റാവത്തിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍, അദ്ദേഹം സി.ബി.ഐക്കു മുന്നില്‍ ഹാജരായിരുന്നില്ല. ഭരണകക്ഷിയിലെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സമയത്താണ് വിവാദമായ ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വിമത എം.എല്‍.എമാരെ തനിക്കനുകൂലമാക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പണം വാഗ്ദാനം ചെയ്യുന്നതായിരുന്നു ദൃശ്യം. സംഭവം വിവാദമായതോടെ, ഹരീഷ് റാവത്ത് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.