മാലേഗാവ് സ്ഫോടന കേസ്: പ്രജ്ഞയെ കുറ്റമുക്തയാക്കാമെന്ന് എന്‍.ഐ.എ

മുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസില്‍ എ.ടി.എസ് മുഖ്യപ്രതിയെന്ന് കണ്ടത്തെിയ സന്യാസിനി പ്രജ്ഞ സിങ് താക്കൂറിനെ കുറ്റമുക്തയാക്കി എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. മറ്റൊരു മുഖ്യപ്രതിയായ സൈനിക ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥന്‍ കേണല്‍ പ്രസാദ് പുരോഹിതിനെതിരെ എ.ടി.എസ് ചുമത്തിയ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മക്കോക) ഒഴിവാക്കി പകരം നിയമവിരുദ്ധ പ്രവര്‍ത്തന പ്രതിരോധ നിയമമാണ് (യു.എ.പി.എ) എന്‍.ഐ.എ ചുമത്തിയത്.

ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് സംഘമാണ് പ്രജ്ഞ സിങ് താക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത്, സന്യാസി ധയാനന്ദ് പാണ്ഡെ, റിട്ട. മേജര്‍ രമേശ് ഉപാധ്യായ് എന്നിവരടക്കം 14 പേരെ കേസില്‍ പ്രതിചേര്‍ത്തത്. പുരോഹിതിനെ ദേവ് ലാലിയിലെ സൈനിക ക്വാട്ടേഴ്സില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ അവിടെ നിന്ന് ആര്‍.ഡി.എക്സും കണ്ടത്തെിയിരുന്നു. എന്നാല്‍, എ.ടി.എസിന്‍െറ കണ്ടത്തെലുകള്‍ അപര്യാപ്തമാണെന്നും പുരോഹിതിന്‍െറ ക്വാട്ടേഴ്സില്‍ എ.ടി.എസ് തന്നെ ആര്‍.ഡി.എക്സ് സ്ഥാപിച്ചതാണെന്നതിന് തെളിവുണ്ടെന്നുമാണ് ഇപ്പോള്‍ എന്‍.ഐ.എ അവകാശപ്പെടുന്നത്.

സ്ഫോടനത്തിന് ഉപയോഗിച്ച എല്‍.എം.എല്‍ ബൈക്ക് പ്രജ്ഞ സിംഗ് താക്കൂറിന്‍െറ പേരിലാണെങ്കിലും സ്ഫോടനം നടക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് അത് കേസിലെ പിടികിട്ടാപ്പുള്ളിയായ രാംചന്ദ്ര കല്‍സങ്കരക്ക് കൈമാറിയിരുന്നുവെന്നാണ് എന്‍.ഐ.എയുടെ വാദം. കല്‍സങ്കര ബൈക്ക് ഉപയോഗിച്ചതിനും അതിന്‍െറ അറ്റകുറ്റപണികള്‍ നടത്തിയതിനും സാക്ഷികളുണ്ടെന്നും എന്‍.ഐ.എ അവകാശപ്പെടുന്നു. 2006 മുതല്‍ 2008വരെ നടന്ന അഭിനവ് ഭാരതിന്‍െറ സ്ഫോടന ഗൂഢാലോചനയില്‍ സജീവ പങ്കാളിയായിരുന്നു പ്രജ്ഞ സിംഗ് എന്നാണ് എ.ടി.എസിന്‍െറ കണ്ടത്തെല്‍. രണ്ട് ഗൂഢാലോചനാ യോഗങ്ങളില്‍ പ്രജ്ഞ സിംഗ് പങ്കെടുത്തെന്നും സ്ഫോടനം നടത്താന്‍ ആളുകളെ ഏര്‍പ്പെടുത്താമെന്ന് പറഞ്ഞെന്നും എ.ടി.എസിനോട് സാക്ഷി പറഞ്ഞ രണ്ടുപേരുടെ മൊഴി ഈയിടെ കാണാതാവുകയും തുടര്‍ന്ന് ഇവരെ ഡല്‍ഹി കോടതിയിലെത്തിച്ച് എന്‍.ഐ.എ പുതിയ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഗൂഢാലോചനക്ക് സാക്ഷികളായിട്ടില്ലെന്നാണ് ഇവര്‍ ഡല്‍ഹി കോടതിയില്‍ പറഞ്ഞത്. എ.ടി.എസിന്‍െറ സമ്മര്‍ദ്ദം കൊണ്ടാണ് മൊഴി നല്‍കിയതെന്നും അവര്‍ ആരോപിച്ചു.

അതേസമയം, സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ അഭിനവ് ഭാരതിന്‍െറ പണം ഉപയോഗിച്ച് നാസിക്കില്‍ ഭൂമി വാങ്ങിയതിന് കേണല്‍ പ്രസാദ് പുരോഹിതിനെതിരെ തെളിവുണ്ടെന്ന് എന്‍.ഐ.എ അവകാശപ്പെട്ടു. സ്ഫോടനത്തില്‍ അഭിനവ് ഭാരതിന്‍െറ പങ്കിനെകുറിച്ച് എ.ടി.എസിന് വിവരം കിട്ടിയതറിഞ്ഞ പുരോഹിത് മറ്റ് പ്രതികളോട് തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളും ലഭിച്ചതായി എന്‍.ഐ.എ അവകാശപ്പെടുന്നു. നിലവില്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടയാള്‍ മുഖ്യപ്രതിയാണെങ്കില്‍ മാത്രമേ സംഘടിത കുറ്റകൃത്യത്തിന് പ്രതികള്‍ക്കെതിരെ മക്കോക ചുമത്താന്‍ പാടുള്ളൂ. ജല്‍ന, പര്‍ഭണി സ്ഫോടനങ്ങളില്‍ പ്രതിയായ രാജഷ് ധാവ്ഡെയെ മുഖ്യപ്രതിയാക്കിയാണ് മാലേഗാവ് സ്ഫോടന കേസില്‍ എ.ടി.എസ് 14 പേര്‍ക്കുമെതിരെ മക്കോക ചുമത്തിയത്. എന്നാല്‍, 2003ലും 2004ലും നടന്ന സ്ഫോടനങ്ങളില്‍ 2008ലാണ് ധാവ്ഡയെ എ.ടി.എസ് അറസ്റ്റ് ചെയ്ത് തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും മാലേഗാവ് കേസില്‍ മറ്റ് 13 പ്രതികളെ മക്കോകയില്‍ ഉള്‍പെടുത്താനായിരുന്നു ഈ നീക്കമെന്നും ആരോപിച്ചാണ് എന്‍.ഐ.എ മക്കോക നിയമം ഒഴിവാക്കിയത്.

2014ല്‍ കേന്ദ്രത്തിലെ ഭരണ മാറ്റത്തിനു ശേഷം മാലേഗാവ് സ്ഫോടന കേസ് പ്രതികളോട് മൃദു സമീപനം സ്വീകരിക്കാന്‍ എന്‍.ഐ.എ ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ട് ആവശ്യപ്പെട്ടെന്ന് കേസിലെ അന്നത്തെ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയാന്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍െറ സന്ദേശമായിരുന്നു ഉദ്യോഗസ്ഥന്‍ കൈമാറിയതെന്നാണ് അവര്‍ ആരോപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.