2030ഓടെ വൈദ്യുതി ഉപഭോഗം നാലിരട്ടിയാകും

ന്യൂഡല്‍ഹി: ഇന്ത്യയിലെ വൈദ്യുതി ഉപഭോഗം 2030ഓടെ നാലു ലക്ഷം കോടി യൂനിറ്റായി വര്‍ധിക്കുമെന്ന് കണക്ക്. 1.1 ലക്ഷം കോടി യൂനിറ്റാണ് രാജ്യത്തെ ഇപ്പോഴത്തെ വൈദ്യുതി ഉപയോഗം. ‘വൈദ്യുതിയുടെ ഭാവി’ എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ കല്‍ക്കരിഊര്‍ജമന്ത്രി പിയൂഷ് ഗോയലാണ് കണക്ക് പുറത്തുവിട്ടത്. നിലവില്‍ വര്‍ഷന്തോറും 10 ശതമാനം വര്‍ധനയാണ് വൈദ്യുതി ഉപയോഗത്തിലുള്ളത്. 15 വര്‍ഷങ്ങള്‍ക്കുശേഷം മൊത്തം ഉപയോഗം ഇപ്പോഴുള്ളതിന്‍െറ നാലിരട്ടിയാകുമെന്നും മന്ത്രി പറഞ്ഞു

പുതുതായി 230 ദശലക്ഷം വീടുകളാണ് വൈദ്യുതീകരണത്തിന് കാത്തിരിക്കുന്നത്. രാജ്യത്തെ പ്രതിശീര്‍ഷവരുമാനം വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ വൈദ്യുതി ഉപകരണങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ് വൈദ്യുതി ഉപയോഗം കുത്തനെ കൂടാന്‍ ഇടയാക്കിയത്. 2022ഓടെ ഇന്ത്യയിലെ വൈദ്യുതി ഉല്‍പാദനശേഷി 175 ജിഗാ വാട്ട് ആയിരിക്കുമെന്നും ഇതില്‍ 100 ജിഗാ വാട്ട് സൗരോര്‍ജം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.

നിലവില്‍ 6.7 ജിഗാ വാട്ട് മാത്രമാണ് സൗരോര്‍ജം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്നത്. അതേസമയം, ഊര്‍ജോല്‍പാദനത്തിന് പുതിയ സാങ്കേതികവിദ്യയുടെ സഹായം തേടുമെന്നും പൊതുമേഖലാ കമ്പനികളോടൊപ്പം ഇക്കാര്യത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ളവരെക്കൂടി സഹകരിപ്പിക്കുമെന്നും വിദേശരാജ്യങ്ങളെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.