ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്‍ഡ് അഴിമതി വിവാദം ലോക്സഭയെ പ്രക്ഷുബ്ധമാക്കുന്നതിനിടെ എയര്‍ ഇന്ത്യ അഴിമതിയില്‍ മുന്‍ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനും എയര്‍ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന റിപ്പോര്‍ട്ട് പുറത്ത്. എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള കരാര്‍ 100 മില്യണ്‍ ഡോളറിന് കനേഡിയന്‍ കമ്പനിയായ ക്രിപ്റ്റോമെട്രിക്സുമായി ഉറപ്പിക്കുന്നതിന് പ്രഫുല്‍ പട്ടേലും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും കോഴ വാങ്ങിയതായി ‘സീ ന്യൂസ്’ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ കണ്ടത്തെി.
നേരത്തേ പ്രഫുല്‍ പട്ടേലിനെതിരെ ആരോപണമുയര്‍ന്നെങ്കിലും ക്രിപ്റ്റോമെട്രിക്സ് കമ്പനിയുമായുള്ള ടെന്‍ഡര്‍ ഒഴിവാക്കിയെന്നും തുടര്‍നടപടി എടുത്തിട്ടില്ളെന്നുമാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍, കരാര്‍ ഉപേക്ഷിച്ചുവെന്നറിയിച്ചതിന് ഒരു വര്‍ഷത്തിനുശേഷവും ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നതായും കനേഡിയന്‍ കമ്പനിയില്‍നിന്ന് പണം പറ്റിയതായും രേഖകള്‍ സൂചിപ്പിക്കുന്നു.
പ്രഫുല്‍ പട്ടേലിന്‍െറ വാദങ്ങള്‍ക്ക് വിരുദ്ധമായി 2006 സെപ്റ്റംബറില്‍ ക്രിപ്റ്റോമെട്രിക്സിന് 105 കോടി ഡോളറിന് ടെന്‍ഡര്‍ അനുവദിക്കാന്‍ എയര്‍ ഇന്ത്യ ടെന്‍ഡര്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യക്കും ക്രിപ്റ്റോമെട്രിക്സിനുമിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ബിസിനസുകാരന്‍ നാസിര്‍ കരാഗിറിനെ 2014ല്‍ ഒന്‍റാരിയോ കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
2006 ഫെബ്രുവരിയില്‍ ക്രിപ്റ്റോമെട്രികിസിനെ സമീപിച്ച നാസിര്‍ തനിക്ക് ഇന്ത്യന്‍ നേതാക്കളുമായും എയര്‍ ഇന്ത്യ അധികൃതരുമായും ബന്ധമുണ്ടെന്ന് വിശ്വസിപ്പിക്കുകയും കരാര്‍ ഉറപ്പാക്കാന്‍ സഹായിക്കാമെന്ന് അറിയിക്കുകയുമായിരുന്നുവെന്ന് ഒന്‍റാരിയോ കോടതിവിധിയില്‍ പറയുന്നു.
കരാര്‍ ഉറപ്പിക്കുന്നതിന് സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ മാസ്കരെന്‍ഹസിന്‍െറ ബാങ്ക് അക്കൗണ്ടിലേക്ക് 2,00,000 ഡോളര്‍ നിക്ഷേപിച്ചതായി നാസിറും ക്രിപ്റ്റോമെട്രിക്സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ മരിയോ ബെറിനിയും തമ്മിലുള്ള ഇ-മെയില്‍ സംഭാഷണങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. 2007ല്‍ പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയെന്നും പദ്ധതിയുടെ തടസ്സം നീക്കുന്നതിന് ഏജന്‍റ് വഴി പണം കൈമാറിയെന്നും നാസിര്‍, ബെറിനിക്ക് അയച്ച മറ്റൊരു മെയിലില്‍ പറയുന്നു. കരാര്‍ തുകയുടെ എട്ടു ശതമാനമാണ് പ്രഫുല്‍ പട്ടേലിന് കൈമാറിയതെന്നും നാസിര്‍ പറയുന്നു. എന്നാല്‍, അത്തരത്തിലൊരു കരാറുമായി മുന്നോട്ടുപോയിട്ടില്ളെന്നും നാസിര്‍ തന്‍െറ പേര് ദുരുപയോഗം ചെയ്തതാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.