ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തകനെ വിമാനത്താവളത്തില്‍ തടഞ്ഞു

ന്യൂഡല്‍ഹി: പരിസ്ഥിതി സെമിനാറില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിലേക്ക് പോകാനത്തെിയ ആദിവാസി അവകാശപ്രവര്‍ത്തകനെ യാത്ര തടഞ്ഞ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചു. ഝാര്‍ഖണ്ഡില്‍നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗ്ളാഡ്സണ്‍ ഡുംഗ്ഡുംഗിനാണ് മുമ്പ് പാസ്പോര്‍ട്ട് കണ്ടുകെട്ടിയിട്ടുണ്ടെന്ന കാരണം പറഞ്ഞ് യാത്രാനുമതി നിഷേധിച്ചത്. തിങ്കളാഴ്ച രാവിലെ ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ റാഞ്ചിയില്‍നിന്ന് ഞായറാഴ്ചയാണ് ഗ്ളാഡ്സണ്‍ എത്തിയത്. പാസ്പോര്‍ട്ട് പരിശോധിച്ച എമിഗ്രേഷന്‍ അധികൃതര്‍ കാരണമൊന്നും പറയാതെ ഒരു മണിക്കൂറോളം കാത്തുനിര്‍ത്തിച്ചു.
 പിന്നീട് 2014ല്‍ പാസ്പോര്‍ട്ട് പിടിച്ചെടുക്കപ്പെട്ട ആളായതിനാല്‍ യാത്ര അനുവദിക്കാനാവില്ളെന്ന് അറിയിച്ച് വിമാനത്തില്‍നിന്ന് ലഗേജുകള്‍ തിരിച്ചത്തെിക്കുകയായിരുന്നു.
2014ല്‍ പിടിച്ചെടുത്ത പാസ്പോര്‍ട്ട് ആറു മാസത്തിനു ശേഷം മടക്കി നല്‍കിയിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലേക്കും ഡെന്മാര്‍ക്കിലേക്കും യാത്രചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടും യാത്ര അനുവദിക്കാനാവില്ല എന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചുനിന്നു.
സസെക്സ് സര്‍വകലാശാലയില്‍ നാളെ ആരംഭിക്കുന്ന പരിസ്ഥിതി രാഷ്ട്രീയ ശില്‍പശാലയിലാണ് ഇദ്ദേഹത്തിന്  പങ്കെടുക്കേണ്ടിയിരുന്നത്. വിജയ് മല്യയെപ്പോലെയുള്ള വെട്ടിപ്പുകാര്‍ക്ക് ഒരു തടസ്സവുമില്ലാതെ യാത്ര അനുവദിക്കുമ്പോഴാണ് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തടയിടുന്നതെന്ന് ഗ്ളാഡ്സണ്‍ പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല എന്നാണ് സര്‍ക്കാറിന്‍െറ നയമെങ്കില്‍ ഇക്കാര്യം തുറന്നു പ്രഖ്യാപിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി എന്ന പേരില്‍ ആദിവാസികള്‍ക്കെതിരെ അരങ്ങേറുന്ന പീഡനങ്ങള്‍ക്കും വന്‍കിട ഖനന കമ്പനികളുടെ ചൂഷണങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഗ്ളാഡ്സണ്‍ ഏറെക്കാലമായി സര്‍ക്കാറുകളുടെ നോട്ടപ്പുള്ളിയാണ്.   കഴിഞ്ഞ വര്‍ഷം പാര്‍ലമെന്‍റംഗങ്ങളുമായി കൂടിക്കാഴ്ചക്ക് ബ്രിട്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ മലയാളി പരിസ്ഥിതി പ്രവര്‍ത്തക പ്രിയ പിള്ളയെയും തടഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.