കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ‘കൈയരിവാള്‍’ രാഷ്ട്രീയം വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കും. ബി.ജെ.പി അനുകൂലിയായ സിനിമാസംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ സിനിമക്ക് ജാദവ്പുര്‍ സര്‍വകലാശാലയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിലാണ് എ.ബി.വി.പിയെ നേരിടാന്‍ ഇടത് സംഘടനകള്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകളുമായി കൈകോര്‍ക്കുന്നത്.
പ്രദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്ന ഹാളില്‍ പരിപാടി അനുവദിക്കുകയില്ളെന്ന് ജാദവ്പുര്‍ അലുമ്നി അസോസിയേഷന്‍ പറഞ്ഞതോടെ, പരിപാടി സര്‍വകലാശാല ഗ്രൗണ്ടിലേക്ക് മാറ്റി. പ്രദര്‍ശനത്തിനുശേഷം പുറത്തുനിന്നുള്ളവരും എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്ന് ഇടതുപക്ഷ സംഘടന വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു. ബി.ജെ.പി നേതാവും നടിയുമായ രൂപ ഗാംഗുലി സംഭവം നടക്കുമ്പോള്‍ സര്‍വകലാശാലാ പരിസരത്തുണ്ടായിരുന്നു. കോളജിലെ വിദ്യാര്‍ഥിയോ പൂര്‍വവിദ്യാര്‍ഥിയോ അല്ലാത്ത രൂപ സര്‍വകലാശാലയില്‍ എത്തിയത് പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇവിടെയും വിദ്വേഷരാഷ്ട്രീയം പടര്‍ത്താനാണ് എ.ബി.വി.പി ശ്രമിക്കുന്നതെന്ന് ജാദവ്പുര്‍ സര്‍വകലാശാല പ്രഫസറും കോണ്‍ഗ്രസ് വക്താവുമായ ഓം പ്രകാശ് മിശ്ര ആരോപിച്ചു. എസ്.എഫ്.ഐയും എന്‍ജിനീയറിങ് സ്റ്റുഡന്‍റ്സ് യൂനിയനും ചേര്‍ന്ന് നഗരത്തില്‍ പ്രതിഷേധ റാലി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.