ജാദവ്പൂർ സർവകലാശാലയിൽ സംഘർഷം; വിദ്യാർഥിനികൾക്ക് നേരെ അക്രമം

കൊൽക്കത്ത: യാദവ്പൂർ സർവകലാശാലയിൽ എ.ബി.വി.പി പ്രവർത്തകരും ഇടത് അനുകൂല വിദ്യാർഥി സംഘടനാ പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിൽ വിദ്യാര്‍ഥിനികള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കാമ്പസിന് പുറത്ത് നിന്നെത്തിയവരാണ് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിത്. സർവകലാശാല വൈസ് ചാൻസലർ സുരഞ്ജൻ ദാസിന്‍റെ പരാതിയെ തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയിൽ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവം അറിഞ്ഞെത്തിയ ബി.ജെ.പി നേതാവ് രൂപ ഗാംഗുലിയെ വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല.  

വെള്ളിയാഴ്ച വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ബുദ്ധ ഇൻ എ ട്രാഫിക് ജാം' എന്ന ചിത്രം സർവകലാശാലയിൽ പ്രദർശിപ്പിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ഇടതുസംഘടനകൾ നേതൃത്വം നൽകുന്ന വിദ്യാർഥി യൂണിയൻ പ്രവർത്തകരുമായി എ.ബി.വി.പി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പലർക്കും പരിക്കേറ്റു.

പ്രദർശനത്തിന്‍റെ ഭാഗമായി കാമ്പസിലെത്തിയ സംവിധായകൻ അഗ്നിഹോത്രിയെ ഇടതുവിദ്യാർഥി പ്രവർത്തകർ കരിങ്കൊടിയും 'ഗോ ബാക്ക്' എന്നെഴുതിയ പ്ളക്കാർഡുകളുമായാണ് എതിരേറ്റത്. ചില വിദ്യാർഥികൾ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചതായി സംവിധായകൻ ആരോപിച്ചു.

എന്നാൽ, സിനിമാപ്രദർശനത്തിനെതിരെയല്ല, സിനിമയിലെ ഭിന്നിപ്പുണ്ടാക്കുന്ന ഉള്ളടക്കത്തിന് എതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് ഇടത് വിദ്യാർഥികൾ അറിയിച്ചു. ഈ സിനിമയിൽ അനുപം ഖേർ അഭിനയിക്കുന്നുണ്ട്. ജെ.എൻ.യു സംഭവത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ എല്ലാവർക്കും അറിയാം. അനുപം ഖേറിന്‍റെ ഇരട്ടത്താപ്പിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.