ശബരിമലയിലെ സ്ത്രീപ്രവേശം; മുസ്ലിം–ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും ബാധിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശം ആവശ്യപ്പെട്ട് ഹരജി നല്‍കിയ അഭിഭാഷക അസോസിയേഷന്‍െറ പ്രസിഡന്‍റ് മുസ്ലിം ആണെന്ന കാര്യം ഓര്‍ക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കി വിധി പുറപ്പെടുവിച്ചാല്‍ അത് മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും വിശ്വാസവുമായി ബന്ധപ്പെട്ട സമാന വിഷയങ്ങളെയും ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ശബരിമലയില്‍  പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2006ല്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍െറ അഞ്ച് വനിതാ അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന്‍െറ പേരില്‍ വര്‍ഗീയ ശക്തികളില്‍നിന്ന് വധഭീഷണി നേരിട്ട നിലവിലെ പ്രസിഡന്‍റ് നൗഷാദ് അഹ്മദ് ഖാന് നേരത്തെ സുപ്രീംകോടതി സംരക്ഷണം നല്‍കിയിരുന്നു. വധഭീഷണിയുടെ സാഹചര്യത്തില്‍ താന്‍ ഭാരവാഹിയല്ലാത്ത കാലത്ത് സമര്‍പ്പിച്ച ഹരജി പിന്‍വലിക്കാന്‍ തയാറാണെന്ന് നൗഷാദ് ഖാന്‍ സുപ്രീംകോടതിയെ അറിയിച്ചുവെങ്കിലും പൊതു താല്‍പര്യ ഹരജി ഫയലില്‍ സ്വീകരിച്ചാല്‍ പിന്‍വലിക്കാനാകില്ളെന്നായിരുന്നു സുപ്രീംകോടതി നിലപാട്.

വധഭീഷണി മുളയിലേ നുള്ളിക്കളയണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി പൊലീസ് കമീഷണറോട് ഉത്തരവിട്ടിരുന്നു.
മുസഫര്‍ നഗര്‍ കലാപമടക്കമുള്ള വിഷയങ്ങളില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ച നൗഷാദ് ആണ് ശബരിമല കേസിന് പിന്നിലെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം അഴിച്ചുവിട്ടതിനെ തുടര്‍ന്നാണ് 2014ല്‍ മാത്രം പ്രസിഡന്‍റായ അദ്ദേഹത്തിന് നേരെ ഭീഷണി ഉയര്‍ന്നത്. കേരളത്തില്‍നിന്ന് അടക്കം 700 ഫോണ്‍ ഭീഷണി വിളികളാണ് നൗഷാദിന് ലഭിച്ചത്. ഹരജിക്കാരുടെ അഭിഭാഷകനായ രവിപ്രകാശ് ഗുപ്തക്കും കേരളത്തില്‍നിന്ന് വധഭീഷണിയുണ്ടായിരുന്നു.

ജയമാല സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ തങ്ങള്‍ സമര്‍പ്പിച്ച ഹരജിയുമായി മുന്നോട്ടുപോകുമെന്നും ഹരജിയുമായി ഒരു ബന്ധവുമില്ലാത്ത നൗഷാദ് അഹ്മദ് ഖാനെ വെറുതെ വിടണമെന്നും ഹരജിക്കാരികളും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, വിശ്വാസപരമായി സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്നതാണ് സുപ്രീംകോടതി പരിശോധിക്കുന്നതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കിയപ്പോഴാണ് ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. കെ.കെ. വേണുഗോപാല്‍ കേസുമായി ബന്ധമില്ലാത്ത മുസ്ലിം അഭിഭാഷകനെ വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴച്ചത്.

ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും മതപരമായ വിഷയങ്ങള്‍ ഭരണഘടനാപരമായി തീര്‍പ്പാക്കാന്‍ കഴിയില്ളെന്നും വാദിച്ച വേണുഗോപാല്‍ അത്തരമൊരു തീര്‍പ്പ് മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും മതപരമായ അവകാശങ്ങളെയും ബാധിക്കുമെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ് ശബരിമല കേസില്‍ ഹരജി നല്‍കിയ അസോസിയേഷന്‍െറ പ്രസിഡന്‍റ് മുസ്ലിമാണെന്ന കാര്യവും അഡ്വ. വേണുഗോപാല്‍ ഓര്‍മിപ്പിച്ചത്.
മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിശ്വാസപരമായ കേസുകളും ഇതുപോലെ വന്നിട്ടുണ്ടെന്നുകൂടി ഓര്‍ക്കണമെന്നും ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശം അടക്കമുള്ള വിഷയങ്ങള്‍ സൂചിപ്പിച്ച് വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.