അറസ്റ്റിലായ ഹൈദരാബാദ് സർവകലാശാല വിദ്യാർഥികൾക്ക് ജാമ്യം 

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത 25 വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും ജാമ്യം. മിയാപുരിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യമനുവദിച്ചത്. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് രണ്ടുമാസത്തെ അവധിക്കുശേഷം തിരിച്ചത്തെിയ വൈസ് ചാന്‍സലര്‍ പി. അപ്പ റാവുവിനെതിരെ നടന്ന പ്രതിഷേധത്തിനിടെ വി.സിയുടെ ഓഫിസ് തകര്‍ക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 5000 രൂപ വീതം ജാമ്യത്തുക കെട്ടിവെക്കാനും കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ എല്ലാ ആഴ്ചയും ഗച്ചിബൗളി പൊലീസ് സ്റ്റേഷനില്‍ ഹാജരാവാനും കോടതി നിര്‍ദേശിച്ചു. ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ തെലങ്കാനസര്‍ക്കാര്‍ എതിര്‍ത്തില്ല.ചാരലപ്പള്ളി ജയിലിലായിരുന്ന ഇവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ മോചിപ്പിച്ചു. അതേസമയം, വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ നീക്കുന്നതുള്‍പ്പെടെ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ക്ളാസ് ബഹിഷ്കരണം തുടരണമെന്ന്  14 വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയായ ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. എന്നാല്‍, ബഹിഷ്കരണാഹ്വാനത്തിന് പ്രതിഫലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ളെന്നും മൂന്നു ദിവസത്തെ ഇടവേളക്കുശേഷം തിങ്കളാഴ്ച ക്ളാസുകള്‍ പുനരാരംഭിച്ചുവെന്നും സര്‍വകലാശാല രജിസ്ട്രാര്‍ എം. സുധാകര്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ മാനഭംഗപ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന്
ഹൈദരാബാദ്: ഈമാസം 22ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ പ്രഫ. അപ്പ റാവുവിനെതിരായ പ്രതിഷേധത്തിനിടെ പെണ്‍കുട്ടികളെ മാനഭംഗം ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി വസ്തുത പരിശോധന കമ്മിറ്റി. കാമ്പസില്‍ വിദ്യാര്‍ഥികള്‍ അതിക്രമത്തിനിരയായതായും അവര്‍ക്കെതിരെ മോശംഭാഷ ഉപയോഗിച്ചതായും മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അധ്യാപകര്‍, സാമൂഹികപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരടങ്ങിയ സ്വതന്ത്രസംഘം അറിയിച്ചു. 
സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍,  പൊലീസ്, തെലങ്കാന ആഭ്യന്തരമന്ത്രി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ഥികളാണ് പൊലീസിന്‍െറ ശത്രുതക്ക് കൂടുതല്‍ ഇരയായത്. അവരെ തീവ്രവാദികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു. അറസ്റ്റിലായ 30 വിദ്യാര്‍ഥികളെയും രണ്ട് അധ്യാപകരെയും 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതിരുന്നത് കുറ്റകരമാണ് -കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് ജാമ്യംനല്‍കാന്‍ സാധിക്കുമായിരുന്നിട്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. അപ്പ റാവുവിന്‍െറ തിരിച്ചുവരവ് കാമ്പസിലെ സമാധാനാന്തരീക്ഷം തകര്‍ത്തതായി വിലയിരുത്തിയ സംഘം അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പൊലീസിനെതിരെ അന്വേഷണം വേണമെന്നും സംഘം ശിപാര്‍ശ ചെയ്തു. മാര്‍ച്ച് 23ന് മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ക്കും പ്രവേശാനുമതി നിഷേധിച്ച രജിസ്ട്രാറിനെയും വസ്തുത പരിശോധന സംഘം വിമര്‍ശിച്ചു. എത്രയുംവേഗത്തില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കണമെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.