പാകിസ്​താനിൽ പിടിയിലായത്​ ‘റോ’ ഉദ്യോഗസ്ഥനല്ല –​ ഇന്ത്യ

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ അറസ്റ്റ് ചെയ്ത കൽയാദവ് ഭൂഷണ് ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോ (റിസർച് ആൻഡ് അനാലിസിസ് വിങ്)യുമായി ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ നാവികസേനയിൽ നിന്നും കാലാവധി തികയുന്നതിന് മുമ്പ് വിരമിക്കൽ നേടിയ കൽയാദവ് ഭൂഷണ് ഇന്ത്യൻ സർക്കാറുമായി യാതൊരു ബന്ധവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

കൽയാദവ് ഭൂഷൺ പിടിയിലായ വിവരം കഴിഞ്ഞ ദിവസമാണ് പാക്സുരക്ഷാ സേന പുറത്തുവിട്ടത്. റോ ഉദ്യോഗസ്ഥൻ അനധികൃതമായി രാജ്യത്ത്  പ്രവേശിച്ചതിൽ പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു. പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷണർ ഗൗതം ബാംബവാെലയെയാണ് പാക് വിദേശകാര്യ സെക്രട്ടറി വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. അനധികൃതമായി പാകിസ്താനിൽ പ്രവേശിച്ചതിലും  ബലൂചിസ്താനിലെയും കറാച്ചിയിലെയും വിധ്വംസക പ്രവർത്തനങ്ങളിൽ ഇടപെട്ടതിലുമുള്ള പ്രതിഷേധം ഇന്ത്യൻ ൈഹകമീഷണറെ അറിയിച്ചതായി പാക് വിദേശകാര്യ ഒാഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.

കൽയാദവ് ഭൂഷൺ പിടിയിലായ കാര്യം കഴിഞ്ഞ ദിവസം തന്നെ ബലൂചിസ്താൻ  ആഭ്യന്തരമന്ത്രി മിർ സർഫറാസ് ബുഗ്തി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ നാവികസേനയിലെ കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനായ കൽയാദവ് ഭൂഷൺ ‘റോ’ക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നെന്നും  മിർ സർഫറാസ് ബുഗ്തി പറഞ്ഞു. ബലൂചിസ്താനിലെ വിഘടന വാദികളുമായും  തീവ്രവാദികളുമായും കൽയാദവ് ഭൂഷൺ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബലൂചിസ്താനിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്ന ചമൻ എന്ന സ്ഥലത്തു വെച്ചാണ് കൽയാദവ് ഭൂഷൺ പിടിയിലായതെന്നാണ് റിപ്പോർട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.