ക്ഷേത്ര ഉത്സവ വിവാദം; നിയമം പുന:പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

ബംഗുളുരു: ക്ഷേത്ര ഉത്സവത്തില്‍ മുസ്ലിം ഡെപ്യൂട്ടി കമ്മീഷണര്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുണ്ടായ വിവാദത്തില്‍ 1997ലെ നിയമം കര്‍ണാടക സര്‍ക്കാര്‍ പുന:പരിശോധിക്കുന്നു. ഭരണ ഘടനയുടെ മതേതര സ്വഭാവം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിയിരിക്കുന്നത്.

 നേരത്തെ പുത്തൂര്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രോത്സവ ചടങ്ങിലേക്ക് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണര്‍ എ.ബി ഇബ്രാഹിമിനെ ക്ഷണിച്ചതിനെതിരെ വി.എച്ച്.പിയും ബജ്റംഗ്ദളും പുത്തൂര്‍ എം.എല്‍.എ ശകുന്തള ഷെട്ടിയും രംഗത്തുവന്നിരുന്നു. അഹിന്ദുവായ ഡി.സിയുടെ പേര് ക്ഷേത്രോത്സവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ ക്ഷേത്ര ഭാരവാഹികളുടെ നടപടി ഹിന്ദുധര്‍മ്മ പരിപാലന നിയമത്തിന് എതിരാണ്. ഇബ്രാഹിം എന്നത്  ഒഴിവാക്കി ഡെപ്യൂട്ടി കമ്മീഷണര്‍ എന്ന് മാത്രം ചേര്‍ത്തിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. ഡി.സിയുടെ പേരില്ലാത്ത പുതിയ നോട്ടീസും പോസ്റ്ററും അച്ചടിക്കണം. ഇതിന് ക്ഷേത്ര കമ്മിറ്റിക്ക് ഫണ്ടില്ലെങ്കില്‍ ചെലവ് താന്‍ വഹിക്കും -ഇതായിരുന്നു എം.എല്‍.എ പറഞ്ഞത്.

അതിനിടെ, പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാറും സ്പീക്കറും ഡെപ്യൂട്ടി കമ്മീഷണറെ പിന്തുണച്ച് നിലപാട് വ്യക്തമാക്കി. ഡെപ്യൂട്ടി കമ്മീഷണര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നാണ് നിയമ-പാര്‍ലിമെന്‍ററികാര്യ മന്ത്രി ടി.ബി. ജയചന്ദ്ര ബംഗളൂരുവില്‍ പറഞ്ഞത്. ജില്ലാ ഭരണാധികാരിയും ജില്ലയിലെ ക്ഷേത്രഭരണ സംവിധാനങ്ങളുടെ മേധാവിയുമാണ് ഡി.സിയെന്നും ആ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍റെ ജാതിയും മതവും പരിഗണനാ വിഷയമേ അല്ലെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച നിയമം 24 മണിക്കൂറിനകം പുന:പരിശോധിക്കുമെന്നാണ് ഉപമുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.