വിതച്ചത് കോണ്‍ഗ്രസ് എം.എല്‍.എ, കൊയ്യുന്നത് സംഘ് പരിവാര്‍

മംഗളുരു: പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലെ ഉത്സവ പരിപാടിയില്‍ മുസ് ലിം ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തിയ നടപടിയിൽ വിവാദം കനക്കുമ്പോൾ നേട്ടം കൊയ്യുന്നത് സംഘപരിവാർ. ക്ഷേത്രോത്സവ നടത്തിപ്പിൽ ദക്ഷിണ കന്നട ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ എ.ബി. ഇബ്രാഹിമിനെ ഉള്‍പ്പെടുത്തിയ നടപടി നിയമപരമായി നേരിട്ടും വിശ്വാസികളെ അണിനിരത്തിയും സംഘ്പരിവാര്‍ പ്രശ്നം സജീവമാക്കി നിർത്തുന്നു. പ്രശ്നം ഉയര്‍ത്തിയ കോണ്‍ഗ്രസുകാരിയായ പുത്തൂര്‍ എം.എല്‍.എ ശകുന്തള ഷെട്ടിയാവട്ടെ വിഷയം കോടതിയുടെ തീരുമാനത്തിന് വിട്ട് ഉള്‍വലിഞ്ഞു. വിശ്വഹിന്ദുപരിഷത്ത് മേഖല സെക്രട്ടറി നവീന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി വിധിയാണ് എ.എല്‍.എ കാത്ത് നില്‍ക്കുന്നത്.

ഹരജി പരിഗണിച്ചഹൈകോടതി സിംഗിള്‍ ബെഞ്ച് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാറിന് നോട്ടീസ് അയച്ചു.കേസ് ഈ മാസം 21ലേക്ക് മാറ്റി. അഹിന്ദുവായ ഡെപ്യൂട്ടി കമ്മീഷണറുടെ പേര് ക്ഷേത്രം ഉത്സവ പരിപാടിയില്‍ഉള്‍പ്പെടുത്തിയത് ഹിന്ദുധര്‍മ്മ പരിപാലന നിയമത്തിന് എതിരാണെന്നായിരുന്നു അഭിഭാഷകയായ എം.എല്‍.പറഞ്ഞത്. ഇബ്രാഹിമിന്‍റെ പേര് മാറ്റി പുതിയ നോട്ടീസുകളും പോസ്റ്ററുകളും തയ്യാറാക്കാനുള്ള ചെലവ് ക്ഷേത്രകമ്മിറ്റിക്ക് ഫണ്ടില്ലെങ്കില്‍ താന്‍ വഹിക്കാം എന്ന് കൂടി എം.എല്‍.എ പ്രഖ്യാപിച്ചതോടെ സംഘ്പരിവാര്‍ ക്യാമ്പുകള്‍ ഉണർന്നു. വിശ്വാസികളുടെ ധാര്‍മിക പിന്തുണ ആര്‍ജ്ജിക്കാനുള്ള മത്സരത്തിലാണവര്‍. പ്രസ്താവനകള്‍, വിശ്വാസികളുടെ കണ്‍വെന്‍ഷന്‍, പ്രതിഷേധ റാലി എന്നീ പരിപാടികളിലൂടെ മുന്നേറുന്ന സംഘ്പരിവാര്‍ ബന്ദ് ആഹ്വാനത്തിന് തയ്യാറെടുക്കുകയാണ്.

ക്ഷേത്ര ഉത്സവ പരിപാടിയില്‍ ഡെപ്യൂട്ടി കമ്മീഷണറെ ഉള്‍പ്പെടുത്തിയതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് സംസ്ഥാന നിയമ-പാര്‍ലിമെന്‍ററികാര്യമന്ത്രി വ്യക്തമാക്കിയത്. ഇതേ നിലപാട് തന്നെയാവും സര്‍ക്കാര്‍ ഹൈകോടതിയെയും അറിയിക്കുക. അപ്രതീക്ഷിതമായി ഉയര്‍ന്ന പ്രശ്നം ഫലത്തില്‍ കാസര്‍കാട് ജില്ലക്കാരനായ മുസ് ലിം ഐ.എ.എസ് ഉദ്യോഗസ്ഥനെതിരായ വേട്ടയായി മാറുകയാണ്. മൈസൂരുവില്‍ രണ്ട് വര്‍ഷം സ്പെഷ്യല്‍ ഓഫീസറായി ജോലി ചെയ്തപ്പോള്‍ നിരവധി ദസറ ആഘോഷ പരിപാടികളില്‍ പങ്കെടുത്തിരുന്നതായി അദ്ദേഹം പറയുന്നു. അടുത്ത മാസം 10ന്ആരംഭിക്കുന്ന ദശദിന ക്ഷേത്രോത്സവ പരിപാടിയില്‍ താനുമായി ആലോചിക്കാതെയാണ് പേര് ഉള്‍പ്പെടുത്തിയത്. എന്നാല്‍ അതില്‍ നിയമപ്രശ്നങ്ങള്‍ ഒന്നുമില്ല. ഭക്തിപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടല്ലാതെ അഹിന്ദുക്കള്‍ പങ്കെടുക്കുന്നതിന് നിയമം തടസ്സമല്ല. ഉത്സവ കാര്യപരിപാടിയിലാണ് തന്‍റെ പേരുള്‍പ്പെടുത്തിയത്. ഹിന്ദു-മുസ് ലിം മൈത്രിയുടെ മഹിത പാരമ്പര്യമുണ്ട് തുളുനാടിന്. മുല്‍കിയിലെ ബാപ്പനാട് ക്ഷേത്രവും കുമ്പളയിലെ ആലിതെയ്യവും ഉദാഹരണമായി കാസര്‍ക്കോട് അഡൂര്‍ സ്വദേശിയായ ഇബ്രാഹിം ചൂണ്ടിക്കാട്ടി. അതിനിടെ ഡെപ്യൂട്ടി കമ്മീഷണര്‍ കഴിഞ്ഞ ദിവസം ദക്ഷിണ കന്നട ജില്ലയിലെക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍മാരുടെ യോഗം വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ആഭരണങ്ങള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കല്‍, ക്ഷേത്രങ്ങളില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍, സി.സി.ടി.വി സ്ഥാപിക്കല്‍ തുടങ്ങിയവ സംബന്ധിച്ചായിരുന്നു നിര്‍ദേശങ്ങള്‍. ജില്ലയിലെ ക്ഷേത്രഭരണത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്ന നിലയില്‍ തനിക്കുള്ള അധികാരം സന്ദര്‍ഭോചിതം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനും ഈ യോഗത്തിലൂടെ സാധിച്ചു.

വിവാദ പ്രസ്താവനയിലൂടെ ശകുന്തള ഷെട്ടി അബദ്ധത്തില്‍ ചാടുകയായിരുന്നില്ല, ചില ലക്ഷ്യങ്ങളോടെ കരുനീക്കുകയായിരുന്നുവെന്നാണ് നിരീക്ഷണം. ജില്ലയില്‍ നിന്ന് ബി.രമാനാഥ റൈ, യു.ടി.ഖാദര്‍, അഭയചന്ദ്ര ജെയിന്‍ എന്നിവരാണ് സിദ്ധരാമയ്യ മന്ത്രിസഭയിലുള്ളത്. മന്ത്രിസഭാ വിപുലീകരണം വൈകാതെയുണ്ടാവും. ശകുന്തള ഷെട്ടിക്കായി മേല്‍ത്തട്ടില്‍  നടക്കുന്ന ചരടുവലിക്ക് മണ്ഡലം തലത്തിലും സമ്മര്‍ദമുണ്ടാവാന്‍ വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കയാണവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.