ജർമൻ ബേക്കറി സ്ഫോടനക്കേസ്: ഹിമായത്‌ ബെയ്ഗിന്‍റെ വധശിക്ഷ ജീവപര്യന്തമാക്കി

മുംബൈ: പുണെ ജര്‍മന്‍ ബേക്കറി സ്ഫോടന കേസ് പ്രതി മിര്‍സ ഹിമായത്ത് ബെയ്ഗിന് സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ബോംബെ ഹൈകോടതി ജീവപര്യന്തമാക്കി. പുണെ സെഷന്‍സ് കോടതിയാണ് ബെയ്ഗിനെതിരെ കണ്ടത്തെിയ കുറ്റങ്ങളില്‍ അഞ്ചെണ്ണത്തിന് വധശിക്ഷയും ശേഷിച്ചവക്ക് ജീവപര്യന്തവും വിധിച്ചത്. എന്നാല്‍, വധശിക്ഷക്ക് കാരണമായ ഗൂഢാലോചന, കൊലപാതകം, കൊലപാതക ശ്രമം തുടങ്ങി ഏഴു കുറ്റങ്ങളില്‍നിന്ന് ബെയ്ഗിനെ കുറ്റമുക്തനാക്കി. സ്ഫോടനത്തിന് ഉപയോഗിച്ച ആര്‍.ഡി.എക്സിന്‍െറ അംശങ്ങള്‍ വീട്ടില്‍നിന്ന് കണ്ടത്തെിയതിന് സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട നിയമപ്രകാരം വിധിച്ച ജീവപര്യന്തം ഹൈകോടതി ശരിവെക്കുകയായിരുന്നു. വ്യാജ രേഖകള്‍ ചമച്ച കുറ്റവും ശരിവെച്ചു.
തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നു പറഞ്ഞാണ് ജസ്റ്റിസുമാരായ എന്‍.എച്ച് പാട്ടീല്‍, എസ്.ബി. ഷുക്റെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച വിധിപ്രഖ്യാപിച്ചത്. മഹാരാഷ്ട്ര എ.ടി.എസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2010 ഫെബ്രുവരിയിലാണ് പുണെയിലെ ജര്‍മന്‍ ബേക്കറിയില്‍ സ്ഫോടനമുണ്ടായത്. അഞ്ച് വിദേശികളടക്കം 17 പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ മുജാഹിദീനാണ് സ്ഫോടനത്തിനു പിന്നിലെന്നു പറഞ്ഞ എ.ടി.എസ്, യാസീന്‍ ഭട്കലിന്‍െറ നേതൃത്വത്തിലാണ് ഗൂഢാലോചനയും മറ്റും നടന്നതെന്ന് ആരോപിച്ചു. യാസീന്‍ ഭട്കലും ഹിമായത്ത് ബെയ്ഗും ഖത്തീല്‍ സിദ്ദീഖിയും അടക്കം എട്ടു പേരെയാണ് പ്രതിചേര്‍ത്തത്. സ്ഫോടനം നടന്ന് ആറു മാസത്തിനകം ബെയ്ഗ്, ഖത്തീല്‍ സിദ്ദീഖി എന്നിവരെ അറസ്റ്റ് ചെയ്തു. ഖത്തീല്‍ സിദ്ദീഖ് പുണെ യേര്‍വാഡ ജയിലില്‍ കൊല്ലപ്പെട്ടു.
സെഷന്‍സ് കോടതി വിധിക്കെതിരെ ബെയ്ഗ് നല്‍കിയ അപ്പീലിലാണ് ഹൈകോടതി വിധി. ബെയ്ഗിനെതിരെ പുണെ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയ രണ്ടു പ്രധാന സാക്ഷികള്‍ പിന്മാറുകയും എ.ടി.എസ് ഭീഷണിപ്പെടുത്തി സാക്ഷിപറയിക്കുകയായിരുന്നുവെന്ന് ഹൈകോടതിയില്‍ ആരോപിക്കുകയും ചെയ്തിരുന്നു. സാക്ഷിമൊഴി ശരിവെക്കുന്ന സ്റ്റിങ് ഓപറേഷന്‍ വിഡിയോ പത്രപ്രവര്‍ത്തകനായ ആം ആദ്മി പാര്‍ട്ടി നേതാവ് ആശിഷ് ഖേതന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.