പൊള്ളാച്ചിയില്‍ ബസും ലോറിയുമിടിച്ച് മലയാളി ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

കോയമ്പത്തൂര്‍: പൊള്ളാച്ചിക്ക് സമീപം തമിഴ്നാട് സര്‍ക്കാര്‍ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികളും നാല് സ്ത്രീകളുമുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു.  മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ നാട്ടുകല്‍ തോട്ടത്തുകുളം സുബ്രഹ്മണ്യന്‍െറ മകള്‍ സുമംഗല (28), കോയമ്പത്തൂര്‍ ചെട്ടിപാളയം സംഗീത (24), ആനമല ധനേഷ് (അഞ്ച്), നിഷ (ഒന്ന്), കരൂര്‍ അരുണ്‍കുമാര്‍ (39), ബസ് ഡ്രൈവര്‍ കൃഷ്ണമൂര്‍ത്തി (38), ലോറി ഡ്രൈവര്‍ മേട്ടൂര്‍ഡാം മധു (47) എന്നിവരാണ് മരിച്ചവര്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

തിരുപ്പൂരില്‍നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ ബസും പൊള്ളാച്ചിയില്‍നിന്ന് കോയമ്പത്തൂര്‍ ഭാഗത്തേക്ക് ചകിരിനാര് കയറ്റി വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരക്ക് പല്ലടം റോഡിലെ കറുമാപുരം വിളക്ക് എന്ന സ്ഥലത്താണ് അപകടം. ബസിന്‍െറ മുന്‍ഭാഗം നിശ്ശേഷം തകര്‍ന്നു. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹങ്ങള്‍ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ 15ഓളം പേരെ കോയമ്പത്തൂര്‍, പൊള്ളാച്ചി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  ക്രെയിനുകള്‍ കൊണ്ടുവന്നാണ് ലോറിയും ബസും നീക്കിയത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവസ്ഥലത്ത് റോഡരികില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനിടെ ഉണ്ടായ പൊടിപടലങ്ങളും പുകയും കാരണം ഡ്രൈവര്‍മാര്‍ക്ക് എതിരെ വന്ന വാഹനങ്ങള്‍ കാണാതെ പോയതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.