പഞ്ചായത്തിന് 80 ലക്ഷം; നഗരസഭക്ക് 21 കോടി

ന്യൂഡല്‍ഹി: ചങ്ങാത്ത മുതലാളിത്തത്തിന്‍െറ സര്‍ക്കാര്‍ എന്ന ആക്ഷേപം മറികടക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്‍െറ മൂന്നാം ബജറ്റില്‍ ഗ്രാമീണമേഖലക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വര്‍ധിപ്പിക്കുകയും ചെയ്തു. പൊതുബജറ്റില്‍ രാജ്യത്തെ ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമുള്ള വിവിധ പദ്ധതികള്‍ക്കായി  2.87 ലക്ഷം കോടി രൂപയുടെ തിരിച്ചടവില്ലാത്ത  ധനസഹായവും  പ്രഖ്യാപിച്ചു. ഇതിലൂടെ ഓരോ ഗ്രാമപഞ്ചായത്തിനും ചുരുങ്ങിയത് 80 ലക്ഷം രൂപയും ഓരോ നഗരസഭക്കും 21 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും.

14ാം ധനകമീഷന്‍െറ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി അനുവദിക്കുന്ന തുകയുമായി താരതമ്യപ്പത്തെുമ്പോള്‍ 228 ശതമാനം വര്‍ധനയാണിതെന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടു. ഈ തുക വിനിയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തും. ഗ്രാമങ്ങളുടെയും ചെറുകിട പട്ടണങ്ങളുടെയും മാറ്റത്തിന് തുക പ്രയോജനപ്പെടുത്താമെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു. ഗ്രാമപഞ്ചായത്തുകളുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് ‘രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍’ എന്ന പദ്ധതി തുടങ്ങുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇതിനായി 655 കോടി രൂപ നീക്കിവെച്ചു. ഗ്രാമീണമേഖലയിലെ വരള്‍ച്ചയും അതുണ്ടാക്കിയ അസ്വസ്ഥതയും നേരിടാന്‍ അടിയന്തര നടപടിയായി വരള്‍ച്ചബാധിത ജില്ലകളിലെ എല്ലാ ബ്ളോക്കുകളും ദീന്‍ദയാല്‍ അന്ത്യോദയ മിഷനു കീഴില്‍ കൊണ്ടുവരും.

ഗ്രാമീണമേഖലയില്‍ സ്വയം സഹായ സംഘങ്ങള്‍ സ്ഥാപിക്കും. മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിക്ക് 38,500 കോടി രൂപ വകയിരുത്തിയ ബജറ്റ് പദ്ധതിക്കു കീഴില്‍ ജല സംരക്ഷണവും പ്രകൃതിവിഭവ പരിപാലനവും ഉറപ്പാക്കാന്‍ ക്ളസ്റ്റര്‍ ഫെസിലിറ്റേഷന്‍ ടീമുകളുണ്ടാക്കും. പ്രധാനമന്ത്രി കൃഷി സീചായി യോജനയില്‍ വരള്‍ച്ച ബാധിത ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കും. നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളില്‍ നിന്ന് 300 ക്ളസ്റ്ററുകള്‍ തെരഞ്ഞെടുത്ത് അവ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷനുകീഴില്‍ വികസിപ്പിക്കും.

ഈ ക്ളസ്റ്ററുകളില്‍ അടിസ്ഥാന സൗകര്യവികസനത്തിനു പുറമെ  കര്‍ഷകര്‍ക്ക് വിപണിസൗകര്യമൊരുക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. 2018 മേയ് ഒന്നിനകം എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുമെന്നും ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനക്കും സംയോജിത ഊര്‍ജ വികസന പദ്ധതികള്‍ക്കും കൂടി 8500 കോടി രുപ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശുചിത്വഭാരത പദ്ധതിക്കായി 9000 കോടി രൂപ അനുവദിച്ച ബജറ്റ് തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഇല്ലാതാക്കുന്ന പഞ്ചായത്തുകള്‍ക്ക്  കേന്ദ്ര പദ്ധതികളില്‍ മുന്‍ഗണന നല്‍കും.

16.8 കോടി ഗ്രാമീണ ഭവനങ്ങളില്‍ 12 കോടി വീട്ടുകാര്‍ക്കും കമ്പ്യൂട്ടര്‍ അപ്രാപ്യമാണ്. ഡിജിറ്റല്‍ സാക്ഷരതക്കായി ഇതിനകം തുടങ്ങിയ ദേശീയ ഡിജിറ്റല്‍ സാക്ഷരതാ മിഷനും ഡിജിറ്റല്‍ സാക്ഷരതാ അഭിയാനും പിറകെ പുതിയൊരു ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി കൂടി തുടങ്ങും. ഇതുവഴി അടുത്ത മൂന്നു വര്‍ഷത്തിനകം ആറു കോടി ഗ്രാമീണ വീടുകളെ ഡിജിറ്റല്‍ സാക്ഷരരാക്കും. ഗ്രാമീണ മേഖലക്കായി ഈ വര്‍ഷത്തെ ബജറ്റില്‍ ആകെ വകയിരുത്തിയത് 87, 765 കോടി രൂപയാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.