അബ്ദുല്‍കലാമിന്‍െറ പേരിലുള്ള പാര്‍ട്ടിക്ക് രാമേശ്വരത്ത് തുടക്കം

കോയമ്പത്തൂര്‍: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍കലാമിന്‍െറ ആശയങ്ങളും ആദര്‍ശങ്ങളും നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ചു. അബ്ദുല്‍കലാം വി.ഐ.പി (വിഷന്‍ ഇന്ത്യ പാര്‍ട്ടി) എന്ന് പേരിട്ട പാര്‍ട്ടിയുടെ ചീഫ് ഓര്‍ഗനൈസര്‍ കലാമിന്‍െറ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന വി. പൊന്‍രാജാണ്.  കഴിഞ്ഞ ദിവസം കലാമിന്‍െറ ജന്മദേശമായ രാമേശ്വരത്താണ് പൊന്‍രാജ് പാര്‍ട്ടി രൂപവത്കരണം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. പച്ച, വെള്ള, നീല നിറങ്ങളോടുകൂടിയ പതാകയില്‍ കലാമിന്‍െറ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അംഗത്വ വിതരണം വെബ്സൈറ്റ് വഴി അടുത്ത ദിവസം തുടങ്ങും.

കലാമിന്‍െറ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പൊന്‍രാജ് അറിയിച്ചു. യുവജന-വിദ്യാര്‍ഥി സമൂഹത്തിന്‍െറ നിരന്തരമായ അഭ്യര്‍ഥന കണക്കിലെടുത്താണ് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്. മറ്റു രാഷ്ട്രീയകക്ഷികളെ വിമര്‍ശിക്കില്ല. ജൈവകൃഷി, തെന്നിന്ത്യന്‍ നദികളെ കൂട്ടിയിണക്കല്‍, കുടിവെള്ളം, വൈദ്യുതി, അഴിമതിനിര്‍മാര്‍ജനം തുടങ്ങിയവക്ക് വേണ്ടിയാണ് പാര്‍ട്ടി പോരാടുകയെന്നും അദ്ദേഹം പറഞ്ഞു. ഏറോനോട്ടിക്കല്‍ ഡെവലപ്മെന്‍റ് ഏജന്‍സിയിലെ ജോലി രാജിവെച്ചാണ് പൊന്‍രാജ് പുതിയ ഉദ്യമത്തിന് ഇറങ്ങിയിരിക്കുന്നത്.

അബ്ദുല്‍കലാമിന്‍െറ കുടുംബാംഗങ്ങള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നില്ല. കലാമിന്‍െറ മൂത്ത സഹോദരന്‍ എ.പി.ജെ. മുത്തുമീരാന്‍ ലബ്ബൈ മരക്കാരെ സന്ദര്‍ശിച്ച് ആശീര്‍വാദം നേടാനുള്ള പൊന്‍രാജിന്‍െറ ശ്രമവും വിജയിച്ചില്ല. കഴിഞ്ഞ ദിവസം പൊന്‍രാജിന്‍െറ നേതൃത്വത്തില്‍ വിരുതുനഗര്‍ ജില്ലയിലെ തോണങ്ങല്‍ ഗ്രാമത്തില്‍ യുവജനസംഗമം സംഘടിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് അബ്ദുല്‍കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി ആലോചിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.