​ഇന്ത്യക്ക്​ എൻ.എസ്.​ജി അംഗത്വമില്ല

സോള്‍ (ദക്ഷിണ കൊറിയ): അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ വന്‍ രാഷ്ട്രങ്ങളുടെ പിന്തുണയുണ്ടായിട്ടും ചൈനയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം നേടാനാനുള്ള ഇന്ത്യയുടെ നീക്കം പരാജയം.  ദക്ഷിണ കൊറിയയിലെ സോളില്‍ സമാപിച്ച എന്‍.എസ്.ജിയിലെ 48 അംഗരാഷ്ട്രങ്ങളുടെ പ്ളീനറി സമ്മേളനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷക്ക് തിരിച്ചടിയേറ്റത്. ചൈനക്കൊപ്പം ബ്രസീല്‍, തുര്‍ക്കി, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളും ഇന്ത്യയെ എതിര്‍ത്തു. 38 രാജ്യങ്ങളാണ് ഇന്ത്യയെ അനുകൂലിച്ചതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് താഷ്കന്‍റില്‍ പറഞ്ഞു.  ഈ മാസാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചവേളയില്‍ ഇന്ത്യക്ക് പിന്തുണ വാഗ്ദാനം ചെയ്ത സ്വിറ്റ്സര്‍ലന്‍ഡും മലക്കംമറിഞ്ഞ് എതിര്‍പക്ഷത്ത് ചേര്‍ന്നു. പ്ളീനറിയുടെ രണ്ടാംദിനം ജപ്പാനാണ് ഇന്ത്യയുടെ അംഗത്വ വിഷയം ഉന്നയിച്ചത്. തുടര്‍ന്ന് നടന്ന മൂന്നുമണിക്കൂര്‍ ചര്‍ച്ചക്കൊടുവിലാണ് ചൈനയുടെ രൂക്ഷമായ എതിര്‍പ്പില്‍ ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞത്.

 ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെക്കാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ എന്‍.എസ്.ജിയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ടായില്ളെന്നായിരുന്നു ഇതേപ്പറ്റി ചൈനയുടെ ആയുധ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ വാങ് കുന്നിന്‍െറ പ്രതികരണം. ഏത് രാജ്യത്തിനും എന്‍.എസ്.ജിയില്‍ ചേരണമെങ്കില്‍ എന്‍.പി.ടി നിര്‍ബന്ധമാണ്. ഈ മാനദണ്ഡം കൊണ്ടുവന്നത് ചൈനയല്ല. അന്താരാഷ്ട്ര സമൂഹമാണ്. അതില്‍ ചില രാജ്യങ്ങള്‍ക്കുവേണ്ടി അവിടെയും ഇവിടെയും മാറ്റം വരുത്തിയാല്‍ അന്താരാഷ്ട്ര ആണവ നിര്‍വ്യാപന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും -വാങ് കുന്‍ പറഞ്ഞു. ചൈനയാണല്ളോ ഇന്ത്യയുടെ അംഗത്വത്തിന് തടസ്സം നിന്നതെന്ന ചോദ്യത്തിന്, ഇന്ത്യയെ തങ്ങള്‍ എതിര്‍ത്തോ അനുകൂലിച്ചോ എന്ന വിഷയമുദിക്കുന്നില്ളെന്നും എന്‍.എസ്.ജിയില്‍ എന്‍.പി.ടി അംഗമല്ലാത്ത രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ ധാരണ ഉണ്ടായിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.എസ്.ജിയില്‍ അംഗമായ 48 രാജ്യങ്ങളുടെയും അനുകൂല വോട്ട് ലഭിച്ചാലേ മറ്റൊരു രാജ്യത്തിന് ഗ്രൂപ്പില്‍ അംഗത്വം ലഭിക്കൂ എന്നതിനാലാണ് ചൈനയുടെ എതിര്‍പ്പ് ഇന്ത്യക്ക് തിരിച്ചടിയായത്.

ഉസ്ബകിസ്താനിലെ താഷ്കന്‍റില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) സമ്മേളനത്തില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയപ്പോഴും പിങ്ങ് ഇന്ത്യക്കനുകൂലമായി പ്രതികരിച്ചില്ല. കഴിഞ്ഞ മേയ് 12നാണ് ഇന്ത്യ എന്‍.എസ്.ജിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ആണവ സാങ്കേതിക വിദ്യയുടെ നിയന്ത്രണം കൈയാളുന്നത് എന്‍.എസ്.ജി രാജ്യങ്ങളാണ്. അതേസമയം, ആണവ നിര്‍വ്യാപനത്തിലൂന്നിയാണ് ഗ്രൂപ്പിന്‍െറ പ്രവര്‍ത്തനം.

ഒരുരാജ്യം തടസ്സംനിന്നു; ചൈനക്കെതിരെ ഇന്ത്യ
താഷ്കന്‍റ്: ഒരു രാജ്യത്തിന്‍െറ തുടര്‍ച്ചയായ തടസ്സവാദങ്ങളാണ് എന്‍.എസ്.ജി അംഗത്വം കിട്ടാതിരുന്നതിന് കാരണമെന്ന് ഇന്ത്യ. സോളില്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വ അപേക്ഷയില്‍ ചര്‍ച്ചവന്നപ്പോള്‍ മുതല്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി അവര്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്ന് ചൈനയെ പേരെടുത്ത് പറയാതെ ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി അംഗത്വത്തിന് കഠിനശ്രമം നടത്തിയിട്ടും ചൈനയുടെ എതിര്‍പ്പില്‍ തട്ടി ഇന്ത്യക്ക് അംഗത്വം ലഭിക്കാതെ വന്നതിന്‍െറ നിരാശ പ്രകടമാകുന്നതായിരുന്നു സ്വരൂപിന്‍െറ പ്രതികരണം. തല്‍ക്കാലം പുറത്തായെങ്കിലും തുടര്‍ന്നും, അംഗത്വത്തിന് എന്‍.പി.ടി അംഗമല്ലാത്ത രാജ്യങ്ങളുമായി ചേര്‍ന്ന് പരിശ്രമം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ തുടര്‍ന്നും എന്‍.എസ്.ജിയില്‍ പര്യാലോചനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സ്വരൂപ് വ്യക്തമാക്കി. ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.