പന്‍സാരെ വധം: കേസ് സി.ബി.ഐക്ക് കൈമാറിയോ എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാറിനോട് ഹൈകോടതി

മുംബൈ: സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകക്കേസ് സി.ബി.ഐക്ക് കൈമാറാന്‍ നടപടി കൈക്കൊണ്ടോ എന്ന് വ്യക്തമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് ബോംബെ ഹൈകോടതി. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ഹരജി സമര്‍പ്പിച്ച പന്‍സാരെയുടെ ബന്ധുക്കള്‍ അന്വേഷണം സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയെന്ന് വ്യാഴാഴ്ച കോടതിയില്‍ അവകാശപ്പെട്ടു.

പന്‍സാരെയുടെ ബന്ധുക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഭയ് നവഗിയാണ് കേസ് കൈമാറിയെന്ന് അവകാശപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ കേസ് കൈമാറിയതായി അറിയില്ളെന്നും കൈമാറിയാല്‍ ഒൗദ്യോഗികമായി അറിയിക്കേണ്ടതാണെന്നുമാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ സന്ദീപ് ഷിന്‍ഡെ കോടതിയില്‍ പറഞ്ഞത്. ഇതോടെ, കേസ് കൈമാറിയോ ഇല്ലയോ എന്നത് സര്‍ക്കാറിനോട് വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ എസ്.സി. ധര്‍മാധികാരി, ശാലിനി ഫന്‍സാല്‍ക്കര്‍ ജോഷി എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

പന്‍സാരെ കേസില്‍ മഹാരാഷ്ട്ര സി.ഐ.ഡിയുടെ പ്രത്യേക അന്വേഷണ സംഘവും ദാഭോല്‍കര്‍ കൊലക്കേസില്‍ സി.ബി.ഐയും അന്വേഷണവുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണത്തെ കുട്ടിക്കളിയെന്നാണ് കോടതി വിശേഷിപ്പിച്ചത്. സ്വന്തമായി അന്വേഷിച്ച് കണ്ടത്തെുന്നതിന് പകരം കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കാട്ടിക്കൊടുത്തിട്ട് പ്രതികളിലേക്ക് തിരിഞ്ഞ സി.ബി.ഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതിനെയും കോടതി എതിര്‍ത്തു. വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ളെന്ന മുന്നറിയിപ്പും കോടതി നല്‍കി.

പന്‍സാരെ, ദാഭോല്‍കര്‍ എന്നിവരുടെ ബന്ധുക്കളോടും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് കോടതി പറഞ്ഞു. ദാഭോല്‍കര്‍, പന്‍സാരെ, കന്നട എഴുത്തുകാരന്‍ എം.എം. കല്‍ബുര്‍ഗി എന്നിവരെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം ഒന്നുതന്നെയാണോ എന്നതില്‍ ആറാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സ്കോട്ട്ലന്‍ഡ് യാഡ് പൊലീസില്‍നിന്നാണ് റിപ്പോര്‍ട്ട് ലഭിക്കേണ്ടത്. റിപ്പോര്‍ട്ട് പെട്ടെന്നു കിട്ടാന്‍ എംബസിയുടെ സഹായം തേടാനും കോടതി നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.