ടീസ്റ്റയുടെ ട്രസ്റ്റിന്‍െറ ലൈസന്‍സ് കേന്ദ്രം റദ്ദാക്കി

ന്യൂഡല്‍ഹി: വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസില്‍ സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്‍െറയും ഭര്‍ത്താവിന്‍െറയും നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയായ സബ്രംഗ് ട്രസ്റ്റിന്‍െറ ലൈസന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. ഇതോടെ നിയമപ്രകാരം ഇവരുടെ സംഘടനക്ക് വിദേശ ഫണ്ട് കൈപ്പറ്റാനുള്ള അനുമതിയും റദ്ദാവും. ആരോപണങ്ങളെ തുടര്‍ന്ന് 2015 സെപ്റ്റംബര്‍ മുതല്‍ ആറുമാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പണം ടീസ്റ്റയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത്. ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനും വീട്ടിലേക്ക് വിലകൂടിയ കേക്കുകളും മധുരപലഹാരങ്ങളും വാങ്ങുന്നതിനും മറ്റു വ്യക്തപരമായ വസ്തുക്കള്‍ക്കുംവേണ്ടി വിദേശഫണ്ട് ചെലവിട്ടതിന് തെളിവ് ലഭിച്ചതിനെതുടര്‍ന്നാണ് നടപടി. സബ്രംഗ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ളിഷിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടി 50 ലക്ഷം രൂപ ചെലവിട്ടുവെന്നും ഈ തുക ടീസ്റ്റയുടെയും ഭര്‍ത്താവ് ആനന്ദിന്‍െറയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അതിനിടെ, സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സി.ബി.ഐയും അന്വേഷിക്കുന്നുണ്ട്. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ കേസ് കൊടുത്തതിന്‍െറ പ്രതികാരമായാണ് കേന്ദ്ര സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുന്നതെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.