'മോദി മോദി'യെന്ന് ഉരുവിടുന്നത് കെജ് രിവാൾ നിർത്തണം- ബി.ജെ.പി

ന്യൂഡൽഹി: പ്രധാനമന്ത്രിയെ വിമർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ബി.ജെ.പിയുടെ മറുപടി. കാരണമൊന്നുമില്ലാതെ എപ്പോഴും പ്രധാനമന്ത്രിയെ വിമർശിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെജ് രിവാളിനോട് ബി.ജെ.പി ആവശ്യപ്പെട്ടു. പാർലമെന്‍ററി സെക്രട്ടറിമാരുടെ നിയമനം സാധുവാക്കുന്ന ബിൽ തള്ളിയ രാഷ്ട്രപതിയെ വിമർശിക്കുന്നത് പ്രസിഡന്‍റിന്‍റെ ഓഫിസിന്‍റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി.

തന്‍റെ ആഗ്രഹങ്ങളെല്ലാം തകർക്കപ്പെട്ടതിന്‍റെ നിരാശയിലാണ് കെജ് രിവാൾ. പ്രസിഡന്‍റിന്‍റെ തീരുമാനത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും ബി.ജെ.പി വക്താവ് സാമ്പിത് പത്ര പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷൻ, രാഷ്ട്രപതി എന്നീ സ്ഥാനങ്ങൾ സ്വതന്ത്ര സ്ഥാപനങ്ങളാണ്. താങ്കളുടെ രാഷ്ട്രീയ ആഗ്രഹങ്ങൾക്ക്് വേണ്ടി സമുന്നതമായ ഈ സ്ഥാപനങ്ങളെ കളങ്കപ്പെടുത്തരുത്. ഇതുവഴി താങ്കൾ  ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെയാണ് താറടിച്ച് കാണിക്കുന്നതെന്നും  സാമ്പിത് പത്ര കുറ്റപ്പെടുത്തി.

2015 മാര്‍ച്ചിലാണ് കെജ്രിവാള്‍ 21 എം.എല്‍.എമാരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതിനെതിരെ ബി.ജെ.പിയും കോൺഗ്രസും രാഷ്ട്രപതിക്ക് പരാതി നൽകി. എം.എല്‍.എമാര്‍ പ്രതിഫലമുള്ള ഇരട്ടപ്പദവി വഹിച്ചെന്നായിരുന്നു പരാതി. ഇത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. ഇതില്‍ കമീഷന്‍ എം.എല്‍.എമാരോട് വിശദീകരണം ചോദിച്ചതോടെ ഡല്‍ഹി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി ബില്‍ കൊണ്ടുവരികയായിരുന്നു. ഈ ബില്ലാണ് കഴിഞ്ഞദിവസം രാഷ്ട്രപതി തള്ളിയത്. ഇതോടെ പാർലമെന്‍റ് സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 21 എം.എൽ.എമാർ അയോഗ്യരാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്. തീരുമാനമെടുക്കാനായി രാഷ്ട്രപതി വിഷയം തെരഞ്ഞെടുപ്പ് കമീഷന് വിട്ടിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.