പെട്രോള്‍ പമ്പുകളില്‍ ഖാദി യൂനിഫോം നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഖാദി യൂനിഫോം നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം.  ഖാദി വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പെട്രോളിയം മന്ത്രാലയത്തിന്‍റെ കീഴിലുളള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ ഓയില്‍ ,ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികളുടെ പെട്രോള്‍ പമ്പുകളിലെ ജീവനക്കാരും കരാര്‍ ജീവനക്കാരുമാണ് ഖാദി യൂണിഫോം ധരിക്കേണ്ടിവരിക. ഉത്തരാഖണ്ഡിലെ തപാല്‍ വകുപ്പ്,  ഡല്‍ഹി പൊലീസ്, പ്രതിരോധ മന്ത്രാലയം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഖാദി നിര്‍ബന്ധമാക്കണമെന്ന ആവശ്യം കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ട്.

വകുപ്പുകളില്‍ ഖാദി ഉപയോഗിച്ചുളള വസ്ത്രം ധരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം  വന്നതോടെ ഖാദി വ്യവസായ മേഖല  പുരോഗതി നേടിയെന്ന ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്സേന പറഞ്ഞു. ഇത്തരം പദ്ധതികള്‍ ഖാദി മേഖലയില്‍ കൂടുതല്‍  തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടയായി ടൂറിസം വകുപ്പിന് കീഴിലുള്ള ഹോട്ടലുകളിലും എയര്‍ ഇന്ത്യ വിമാനങ്ങളിലും സോപ്പ്, അണുനാശിനി എന്നിങ്ങനെയുള്ള ഖാദി ഉല്‍പന്നങ്ങള്‍ ചെറിയ കിറ്റുകളായി  വിതരണം ചെയ്തു തുടങ്ങിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.