ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ രൂപപ്പെടുത്തിയ പരസ്പര സഹകരണം തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകാന്‍ പശ്ചിമ ബംഗാളിലെ സി.പി.എം, കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതിനെച്ചൊല്ലി സി.പി.എമ്മിലും സംസ്ഥാന ഇടതുമുന്നണിയിലും അടിപൊട്ടി. ഈ സാഹചര്യത്തില്‍ 17ന് തുടങ്ങുന്ന സി.പി.എം പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വിഷയം ചര്‍ച്ചചെയ്യും. തൃണമൂല്‍ കോണ്‍ഗ്രസിനെ ചെറുക്കാനാണ് സി.പി.എമ്മും കോണ്‍ഗ്രസും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്തത്. ഇതുവഴി സംസ്ഥാനത്ത് സി.പി.എമ്മിനെ പിന്തള്ളി രണ്ടാമത്തെ പാര്‍ട്ടിയായി കോണ്‍ഗ്രസ് വളര്‍ന്നു. സഖ്യം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് പി.സി.സി പ്രസിഡന്‍റ് അധിര്‍ രഞ്ജന്‍ ചൗധരി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈകമാന്‍ഡിനും എതിര്‍പ്പില്ല.
എന്നാല്‍, സി.പി.എം രണ്ടു തട്ടിലാണ്. തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊല്‍ക്കത്തയില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ സെക്രട്ടറി സുര്‍ജ്യകാന്ത മിശ്ര, കോണ്‍ഗ്രസുമായുള്ള സഖ്യം തുടരണമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും പരസ്പര ധാരണ വേണമെന്നും വാദിച്ചു. അദ്ദേഹത്തെ നിരവധി അംഗങ്ങള്‍ പിന്തുണച്ചെങ്കിലും, 13ഓളം പേര്‍ എതിര്‍ത്തു. ഇടത് ഐക്യം ബലികഴിക്കുന്ന അവസരവാദ രാഷ്ട്രീയ സഖ്യം സി.പി.എമ്മിന് കൂടുതല്‍ പരിക്കേല്‍പിച്ചുവെന്നാണ് എതിര്‍ത്തവര്‍ വാദിച്ചത്. ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ളോക്, സി.പി.ഐ എന്നിവ കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്നതും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കോണ്‍ഗ്രസ് ബന്ധത്തിന്‍െറ പേരില്‍ ഇടതുമുന്നണി ശിഥിലമാകേണ്ട കാര്യമില്ളെന്നും, മമതയെയും ബി.ജെ.പിയെയും എതിര്‍ക്കുന്നതില്‍ കൂടുതല്‍ മതേതര കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും സുര്‍ജ്യകാന്ത മിശ്ര വാദിച്ചു.
കോണ്‍ഗ്രസും സി.പി.എമ്മുമായി തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയതിനെ എതിര്‍ത്ത പ്രകാശ് കാരാട്ട് അടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശമാണ് യോഗത്തില്‍ ഉയര്‍ന്നത്.
സഖ്യത്തിന്‍െറ കാര്യത്തില്‍ സംസ്ഥാന സമിതി തീരുമാനമെടുക്കുമെന്ന് പറഞ്ഞ കേന്ദ്രനേതാക്കള്‍, ധാരണക്ക് തീരുമാനിച്ചുകഴിഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ വിമുഖത കാട്ടി. ഇത് അണികളിലും ആശയക്കുഴപ്പം ഉണ്ടാക്കി. കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കാതെ തെരഞ്ഞെടുപ്പിലേക്ക് പോയിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായേനെ. കൂടുതല്‍ സീറ്റു ചോര്‍ച്ചയായിരുന്നു ഫലം. മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും 294ല്‍ 169 സീറ്റില്‍ സി.പി.എമ്മിന്‍െറ വോട്ടുശതമാനം മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടിയെന്ന് മിശ്രയും സംഘവും കണക്കു നിരത്തി. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരത്തില്‍ അടി പൊട്ടിയത്.ജനാധിപത്യ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരായ ജനാധിപത്യ മതേതര സഖ്യമാണ് പശ്ചിമ ബംഗാളില്‍ ഉണ്ടായതെന്ന് യെച്ചൂരി വിശദീകരിച്ചു. അതേസമയം, തുടര്‍ന്നും കോണ്‍ഗ്രസുമായുള്ള സഹകരണം തുടരണമെന്ന സംസ്ഥാന സമിതി നിര്‍ദേശം കേന്ദ്രകമ്മിറ്റിയുടെ പരിഗണനക്ക് വെക്കാനാണ് കമ്മിറ്റി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.