അലഹബാദ്: ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ളെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ആമുഖത്തോടെ അലഹബാദില്‍ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിക്ക് ഞായറാഴ്ച വൈകീട്ട് തുടക്കമായി. ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന രാമക്ഷേത്ര വിഷയം ആമുഖ പ്രസംഗത്തില്‍ പരാമര്‍ശിക്കാതിരുന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഉത്തര്‍പ്രദേശിലെ പുതിയ ധ്രുവീകരണ വിഷയമായി കൈരാനയിലെ ഹിന്ദു കുടുംബങ്ങളുടെ കുടിയൊഴിഞ്ഞുപോക്ക് ബി.ജെ.പി ഏറ്റെടുക്കുകയാണെന്ന് വ്യക്തമാക്കി.
കേരളത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കുനേരെ അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി ഒന്നടങ്കവും രാജ്യത്തിന്‍െറ നേതൃത്വവും പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് അക്രമത്തിന് ജനാധിപത്യത്തില്‍ സ്ഥാനമില്ളെന്ന് അമിത് ഷാ ഓര്‍മിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും ബി.ജെ.പി ശക്തി തെളിയിച്ചെന്ന് വ്യക്തമാക്കിയ അമിത് ഷാ അതിനുശേഷം രണ്ടിടത്തും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടക്കുകയാണെന്ന് പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുനേരെ 300 അക്രമസംഭവങ്ങള്‍ നടന്നതായി അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് രാജ്യമൊട്ടുക്കും ക്ഷയിച്ചുവരികയാണ്.
എന്നാല്‍, ബി.ജെ.പി വളരുന്നത് കോണ്‍ഗ്രസിന്‍െറ ശക്തിക്ഷയം കൊണ്ടല്ളെന്നും സ്വന്തം ആദര്‍ശത്തിന്‍െറ കരുത്തും പ്രവര്‍ത്തകരുടെ കഴിവും കൊണ്ടാണെന്നും അമിത് ഷാ ആമുഖപ്രസംഗത്തില്‍ തുടര്‍ന്നു. മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ രാജ്യത്തിനകത്തും അന്തര്‍ദേശീയതലത്തിലും പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് ഇസ്ലാമിക രാജ്യങ്ങള്‍ അവരുടെ പരമോന്നത ബഹുമതി നല്‍കി മോദിയെ ആദരിച്ചത്. അഞ്ച് അറബ് രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരെ മോദിയുമായി കൈകോര്‍ക്കാന്‍ തയാറാവുകയും ചെയ്തു.
2019ല്‍ മോദി സര്‍ക്കാറിനെ വീണ്ടും അധികാരത്തിലത്തെിക്കാനും അമിത് ഷാ ആഹ്വാനം ചെയ്തു. നിര്‍വാഹകസമിതിക്ക് മുന്നോടിയായി നടന്ന ഭാരവാഹികളുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലത്തെിക്കുമെന്ന് പ്രസ്താവിച്ച അമിത് ഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൈരാനയിലെ ഹിന്ദു കുടുംബങ്ങളുടെ കുടിയൊഴിഞ്ഞുപോക്കും മഥുര സംഭവവും പാര്‍ട്ടി ഏറ്റെടുക്കുമെന്ന് പറഞ്ഞു.
മുസഫര്‍ നഗര്‍ കലാപത്തിനും ദാദ്രി സംഭവത്തിനും ശേഷം കൈരാനയും വിഷയമാക്കുന്നത് ഉത്തര്‍പ്രദേശില്‍ വര്‍ഗീയ രാഷ്ട്രീയത്തിലേക്കുതന്നെ നീങ്ങുന്നതിന്‍െറ സൂചനയാണോ എന്ന ചോദ്യത്തിന് ക്രമസമാധാന വിഷയങ്ങളുയര്‍ത്തുന്നതിനെ വര്‍ഗീയപ്രചാരണമായി കാണരുതെന്നായിരുന്നു നിര്‍വാഹകസമിതി നടപടികള്‍ വിശദീകരിച്ച കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദിന്‍െറ പ്രതികരണം. തിങ്കളാഴ്ച അലഹബാദ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റാലിയോടെ നിര്‍വാഹകസമിതി സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.