ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി നാളെ

ന്യൂഡല്‍ഹി: 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അഗ്നിപരീക്ഷയാകുന്നു. യു.പി തെരഞ്ഞെടുപ്പ് മുഖ്യ അജണ്ടയാക്കി പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അലഹബാദില്‍ നടക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ വോട്ടുചോര്‍ച്ചയാണ് യു.പി തെരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കുന്നത്.

പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളെ അണിനിരത്തി അലഹബാദില്‍ നടത്തുന്ന റാലിയോടെ പ്രചാരണങ്ങള്‍ക്ക് തുടക്കമാകും. മോദി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്‍െറ ആഘോഷം അവസാനിക്കാറായ ഘട്ടത്തിലാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലേക്ക് പാര്‍ട്ടി നീങ്ങുന്നത്.
മോദി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം ഡല്‍ഹി, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത തോല്‍വിക്കുശേഷം അല്‍പം ആശ്വാസം നല്‍കിയത് അഞ്ചു നിയമസഭകളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളായിരുന്നു. എന്നാല്‍, അസം അടക്കം അഞ്ചു സംസ്ഥാനങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ നിലനിര്‍ത്താനോ ആനുപാതികനേട്ടം നിയമസഭയില്‍ ഉണ്ടാക്കാനോ കഴിഞ്ഞിട്ടില്ളെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്കുള്ള ജനപിന്തുണയില്‍ കുറവുവന്നുവെന്നാണ് ഇത് കാണിക്കുന്നത്.

അസമില്‍ കടുത്ത ഭരണവിരുദ്ധ വികാരത്തിനിടയില്‍ ഏഴ് ലോക്സഭാ സീറ്റുകള്‍ ഒറ്റക്ക് പിടിക്കുകയും 36.86 ശതമാനം വോട്ടുനേടുകയും ചെയ്ത പാര്‍ട്ടിക്ക് ഭരണത്തിലത്തൊന്‍ അസം ഗണ പരിഷത്തിന്‍െറയും ബോഡോലാന്‍ഡ് പീപ്ള്‍സ് ഫ്രണ്ടിന്‍െറയും സഹായമുണ്ടായിട്ടും സ്വന്തംപേരില്‍ 60 സീറ്റേ നേടാനായുള്ളൂ. വോട്ട് ശതമാനമാകട്ടെ 29.5 ആയി താഴേക്കുവരുകയും ചെയ്തു.

ഒരു ലോക്സഭാ സീറ്റും 5.56 ശതമാനം വോട്ടുവിഹിതവും ലഭിച്ച തമിഴ്നാട്ടില്‍ ഒരു സീറ്റുപോലും ലഭിച്ചില്ളെന്ന് മാത്രമല്ല, വോട്ട് വിഹിതം 2.8 ആയി കുറഞ്ഞു. അക്കൗണ്ട് തുറന്ന കേരളത്തില്‍മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം ബി.ജെ.പിക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 80ല്‍  71 സീറ്റും പിടിച്ചെടുത്ത ബി.ജെ.പിക്ക് 42.63 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയില്ളെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ട്.

അതിനാല്‍ ഭൂരിപക്ഷ വോട്ടുകള്‍ പരമാവധി സമാഹരിച്ചും ദലിത് വോട്ടുകള്‍ മായാവതിയില്‍നിന്ന് അടര്‍ത്തിയും മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചും യു.പി പിടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ദേശീയ നിര്‍വാഹകസമിതി രൂപം നല്‍കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരുനയിക്കണമെന്ന കാര്യവും ചര്‍ച്ച ചെയ്യും.
മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, സ്വാമി ആദിത്യനാഥ്, വരുണ്‍ ഗാന്ധി തുടങ്ങിയ പേരുകളും പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.