തലമുടി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ മെഡിക്കൽ വിദ്യാർഥി മരിച്ചു

ചെന്നൈ: തലമുടി  മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അവസാന വർഷ മെഡിക്കൽ വിദ്യാർഥി മരിച്ചു. മദ്രാസ് മെഡിക്കൽ കോളെജ് വിദ്യാർഥിയായ ചെന്നൈ സ്വദേശി സന്തോഷ്(22) ആണ് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. സന്തോഷിന്‍റെ ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാർ ഒളിവിലാണ്. ചെന്നൈയിലെ അഡ്വാൻസ്ഡ് റോബോട്ടിക് ഹെയർ ട്രാൻസ്പ്ളാന്‍റ് സെന്‍ററിലാണ് സംഭവം.

ആരോഗ്യ വകുപ്പ് അധികൃതർ കേന്ദ്രം പൂട്ടി സീൽ ചെയ്തു. ഇവിടെ നിന്നും അനധികൃതമായി ലൈസൻസില്ലാതെ സൂക്ഷിച്ച മരുന്നുകളുടെ വലിയ ശേഖരവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തലയിൽ അൽപം കഷണ്ടിയുണ്ടായിരുന്ന സന്തോഷിന് ഇതേക്കുറിച്ചോർത്ത് മന:പ്രയാസമുണ്ടായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ മാസം ശസ്ത്രകിയക്ക് വിധേയനാകാൻ തീരുമാനിച്ചത്. പത്ത് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ഏകദേശം 1,200ഓളം മുടിയിഴകളാണ് വെച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞയുടൻ തന്നെ പനി ബാധിക്കുകയും പിന്നീട് നില വഷളാവുകയായിരുന്നുവെന്ന് നഴ്സായ സന്തോഷിന്‍റെ അമ്മ പി. ജോസ്ബീൻ പറഞ്ഞു.

അഡ്വാൻസ്ഡ് റോബോട്ടിക് ഹെയർ ട്രാൻസ്പ്ളാന്‍റ് സെന്‍ററിൽ ശസ്ത്രക്രിയ നടത്തിയത് ഡോക്ടർമാരല്ലെന്നും ഏറെ സങ്കീർണമായ ശസ്ത്രക്രിയ ആരംഭിച്ചയുടൻ അനസ്തേഷ്യസ്റ്റ് സ്ഥലം വിട്ടെന്നും സന്തോഷിന്‍റെ  മാതാപിതാക്കൾ ആരോപിച്ചു. അമ്പതോ അറുപതോ ലക്ഷം രൂപയാണ് ഇവർ ദിനം തോറും സമ്പാദിക്കുന്നത്. പണമുണ്ടാക്കുക മാത്രമാണ് ലക്ഷ്യമെന്നും മനുഷ്യരുടെ ജീവന് ഇവർ വില കൽപ്പിക്കുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

ട്രാൻസ്പ്ളാന്‍റ് സെന്‍ററിറിന് നൽകിയ ലൈസൻസ് രണ്ടു മാസങ്ങൾക്ക് മുൻപ് അവസാനിച്ചുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ശസ്ത്രക്രിയ നടത്തിയവർ യോഗ്യതയുള്ള ഡോക്ടർമാർ തന്നെയാണ്. ഇതിലൊരാൾ ചൈനയിൽ നിന്നുമാണ് മെഡിക്കൽ ഡിഗ്രി സമ്പാദിച്ചത്. എന്നാൽ, എന്തെങ്കിലും രീതിയിലുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ അത് പരിഹരിക്കാനാവശ്യമായ ഒരു സംവിധാനങ്ങളും ഈ സെന്‍ററിൽ ഉണ്ടായിരുന്നില്ല.

പുണെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ സെന്‍ററിന് ഏഴ് നഗരങ്ങളിലായി 17 കേന്ദ്രങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. സെന്‍ററിന്‍റെ ഉടമസ്ഥർക്കെതിരെ മെഡിക്കൽ കൗൺസിൽ നോട്ടീസ് അയച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.