ജാട്ട് സംവരണ പ്രക്ഷോഭം: ഹരിയാനയില്‍ ഒമ്പത് ജില്ലകളില്‍ നിരോധാജ്ഞ

ന്യൂഡല്‍ഹി: മാസങ്ങളുടെ ഇടവേളക്കുശേഷം ഹരിയാനയില്‍ ജാട്ട് വിഭാഗക്കാരുടെ സംവരണ പ്രക്ഷോഭം വീണ്ടും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സംസ്ഥാന പൊലീസിനു പുറമെ 5000 അര്‍ധസേനാംഗങ്ങളെ വിവിധ ജില്ലകളില്‍ വിന്യസിച്ചു. ഒമ്പതു ജില്ലകളില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. റോത്തക്, സോനിപ്പത്, ഭിവാനി, ഹിസാര്‍, ജജ്ജാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ അര്‍ധസേന ഫ്ളാഗ് മാര്‍ച്ച് നടത്തി. നിരോധാജ്ഞ ലംഘിച്ചതിന് റോത്തക്കില്‍ 50 പേരെ കസ്റ്റഡിയിലെടുത്തു. സ്ഥിതിഗതി നിരീക്ഷിക്കുന്നതിന് ചണ്ഡിഗഢില്‍ മുഴുസമയ കണ്‍ട്രോള്‍റൂം തുറന്നു. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ പൊലീസുകാര്‍ക്ക് അവധി അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഫെബ്രുവരിയില്‍ അക്രമാസക്തമായ പ്രക്ഷോഭം നടന്ന റോത്തക് ജില്ലയില്‍ പൂജകളോടെയാണ് പുതിയ സമരത്തിന് തുടക്കം കുറിച്ചത്. അഖിലേന്ത്യാ ജാട്ട് സംവരണ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ റോത്തക്-പാനിപ്പത്ത് ദേശീയപാതയോരത്ത് താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. ദേശീയപാത സമരക്കാര്‍ ഉപരോധിച്ചേക്കും.

ഹരിയാനയിലെ 21ല്‍ 15 ജില്ലകളിലും പ്രക്ഷോഭ സമിതി ധര്‍ണ നടത്തുന്നുണ്ട്. സമരം സമാധാനപരമായിരിക്കുമെന്ന് സമിതി നേതാക്കള്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അധികൃതര്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. റോഡ്, റെയില്‍ മാര്‍ഗങ്ങള്‍ ഉപരോധിക്കില്ളെന്ന് ഉറപ്പുവരുത്തുമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ നടന്ന ജാട്ട് പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ജാട്ട് സമ്മര്‍ദത്തിന് വഴങ്ങി ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ജാട്ട് സംവരണ നിയമം പാസാക്കിയെങ്കിലും അത് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.