ന്യൂഡല്‍ഹി: കിഡ്‌നി റാക്കറ്റുമായി ബന്ധപ്പെട്ട് സൗത്ത് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ജീവനക്കാരടക്കം അഞ്ച് പേർ അറസ്റ്റിൽ. ആശുപത്രിയിലെ സീനിയർ ഡോക്ടറുടെ പേഴ്സണൽ സ്റ്റാഫുകളായ അദിത്യ സിങ്, ശൈലേഷ് സക്സേന, കിഡ്‌നി റാക്കറ്റിൽപ്പെട്ട അസീം സിക്ദാർ, സത്യ പ്രകാശ്, ദേവാശിഷ് മൗലി എന്നിവരാണ് അറസ്റ്റിലായത്.
കിഡ്‌നി വിറ്റവകയിൽ സ്ത്രീക്ക് നല്‍കാമെന്നേറ്റ തുകയുടെ പകുതിയാണ് ഇടനിലക്കാര്‍ കൈമാറിയത്. ബാക്കിതുക ആവശ്യപ്പെട്ട് ദാതാവും ഇടനിലക്കാരനും തമ്മിൽ ആശുപത്രിയിൽവെച്ച് വാക്കേറ്റം നടന്നു. ഇതേതുടർന്ന് വാക്കുതർക്കം പരിഹരിക്കാൻ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കിഡ്നി റാക്കറ്റിനെകുറിച്ചുള്ള വിവരങ്ങൾ പുറത്തായത്.
അദിത്യ, ശൈലേഷ് എന്നിവർക്കു വേണ്ടി നാല് ലക്ഷം രൂപ വരെ വിലക്ക് അസീം, സത്യ, ദേവാശിഷ് എന്നിവരാണ് കിഡ്നി ദാതാക്കളുമായി കച്ചവടം ഉറപ്പിക്കുന്നത്. ഇത് 25 മുതൽ 30 ലക്ഷം രൂപ വരെ വിലക്ക് കിഡ്നി ആവശ്യക്കാർക്ക് ആശുപത്രി അധികൃതർ കൈമാറും. ഇടനിലക്കാർക്ക് രണ്ട് ലക്ഷത്തോളം രൂപ കമീഷൻ ലഭിക്കും. സമാനരീതിയിൽ കഴിഞ്ഞ ആറു മാസത്തിനിടെ അഞ്ച് നിയമവിരുദ്ധ അവയവദാനങ്ങൾ നടന്നതായും പൊലീസ് വ്യക്തമാക്കുന്നു.
അവയവദാനത്തിന്‍റെ നിയമങ്ങള്‍ പ്രതികൾ കൃത്യമായി പാലിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ സരിത വിഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കിഡ്നി റാക്കറ്റിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ആശുപത്രി ജീവനക്കാരടക്കമുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.