ന്യൂഡല്‍ഹി:ആള്‍ദൈവത്തിന്‍െറ നേതൃത്വത്തിലുള്ള ഭൂമി കൈയേറ്റം ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശിലെ മഥുരയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. എസ്.പി അടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥരും 22 കൈയേറ്റക്കാരുമാണ് വെടിവെപ്പിലും തീവെപ്പിലും കൊല്ലപ്പെട്ടത്. കലാപമുണ്ടാക്കിയതിന് 320 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ ആള്‍ദൈവം രാം ബ്രിക്ഷ് യാദവിനെ പൊലീസ് തെരയുകയാണ്.
ഡല്‍ഹിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ മഥുരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മധ്യപ്രദേശ് സ്വദേശി രാം ബ്രിക്ഷ് യാദവിന്‍െറ ‘ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി’ എന്ന സംഘടന രണ്ടര വര്‍ഷമായി കൈയടക്കി വെച്ച ജവഹര്‍ ബാഗിലെ ഭൂമി ഒഴിപ്പിക്കാന്‍ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. ജൂണ്‍ ഒന്നിന് വിധി നടപ്പാക്കണമെന്നായിരുന്നു വിധി.
വ്യാഴാഴ്ച വിധി നടപ്പാക്കാന്‍ ചെന്ന മഥുര സിറ്റി പൊലീസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദി, ഫാറ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സന്തോഷ് കുമാര്‍ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ആയുധങ്ങളുമായി സംഘം നേരിട്ടു. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച പൊലീസിന് നേരെ മരത്തിനുമുകളില്‍ നിലയുറപ്പിച്ചിരുന്ന പ്രക്ഷോഭകര്‍ വെടിയുതിര്‍ത്തു. സന്തോഷ് കുമാര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരപരിക്കേറ്റ മുകുള്‍ ദ്വിവേദി ആശുപത്രിയിലാണ് മരിച്ചത്. 11 പ്രക്ഷോഭകരെങ്കിലും പൊലീസിന്‍െറ വെടിയേറ്റ് മരിച്ചു. കുടിലുകള്‍ പൊലീസ് പൊളിക്കുമെന്ന് കണ്ട് സമരക്കാര്‍ തീയിട്ടതോടെയാണ് മരണസംഖ്യ വീണ്ടുമുയര്‍ന്നത്്. എല്‍.പി.ജി സിലിണ്ടറുകളടക്കം പൊട്ടിത്തെറിച്ച് തീ ആളിപ്പടര്‍ന്നതോടെ ഒരു സ്ത്രീയടക്കം 11 പേര്‍ പൊള്ളലേറ്റ് മരിച്ചു. വന്‍ ആയുധശേഖരമാണ് സ്ഥലത്തുനിന്ന് കണ്ടെടുത്തത്. 45 നാടന്‍ പിസ്റ്റളുകളും എട്ട് റൈഫിളുകളും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കലാപമുണ്ടാക്കിയതിനും കൊലപാതകത്തിനും പുറമെ ദേശീയ സുരക്ഷാ നിയമം അടക്കമുള്ള കടുത്ത കുറ്റങ്ങള്‍ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. മരിച്ച പൊലീസുകാരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, നഷ്ടപരിഹാരം സ്വീകരിക്കില്ളെന്ന് എസ്.പിയുടെ മാതാവ് പറഞ്ഞു. ‘‘എനിക്ക് ഈ പണം വേണ്ട, പകരം എന്‍െറ മകനെ തിരിച്ചുതരൂ’’; കണ്ണീരോടെ അവര്‍ മുഖ്യമന്ത്രിയോടഭ്യര്‍ഥിച്ചു.
അക്രമത്തിന്‍െറ ആള്‍ദൈവസംഘം
മഥുര: പൊലീസിനെ ആയുധങ്ങളുമായി നേരിട്ടത് ‘ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി’ എന്ന സംഘടനയാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ യഥാര്‍ഥ അനുയായികളെന്നാണ് ഇവരുടെ അവകാശവാദം. ‘ബോസ് സേന’ എന്നും ഇവര്‍ അറിയപ്പെടുന്നു. അന്തരിച്ച ആള്‍ദൈവം ജയ് ഗുരുദേവിന്‍െറ ശിഷ്യന്‍ കൂടിയായ രാം ബ്രിക്ഷ് യാദവാണ് മധ്യപ്രദേശിലെ 250 അനുയായികളുമായി ബോസ് സേനക്ക് രൂപം കൊടുത്തത്. 2014ലാണ് മഥുരയില്‍ ഹോര്‍ട്ടികള്‍ചര്‍ വകുപ്പിനു കീഴിലുള്ള ജവഹര്‍ ബാഗിലെ ഭൂമിയില്‍ ധര്‍ണ നടത്താനെന്ന പേരില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് തുടങ്ങിയത്. തുടര്‍ന്ന് തമ്പടിച്ച് 3000ഓളം അനുയായികളെ കൂടി എത്തിച്ചു. രണ്ടുവര്‍ഷം കൊണ്ട് 280 ഏക്കറും സ്വന്തമാക്കി സംഘടന സമാന്തര ഭരണം സ്ഥാപിച്ചു. സ്വന്തമായി ജലവിതരണ സംവിധാനവും റോഡും സ്കൂളും മലിനീകരണ സംവിധാനവുമൊക്കെ സ്ഥാപിച്ചു. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പ് റദ്ദാക്കുക, ഇന്ത്യന്‍ കറന്‍സിക്കുപകരം ആസാദ് ഹിന്ദ് ഫൗജ് കറന്‍സി ഏര്‍പ്പെടുത്തുക, ഒരു രൂപക്ക് 60 ലിറ്റര്‍ ഡീസലും 40 ലിറ്റര്‍ പെട്രോളും ലഭ്യമാക്കുക തുടങ്ങിയ വിചിത്ര ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.