കർണാടക എം.എൽ.എമാർ വോട്ടിന് പണം ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് കര്‍ണാടകത്തിലെ എം.എല്‍.എമാര്‍ പണം ആവശ്യപ്പെടുന്നതിന്‍റെ ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്ത്. ജനതാദള്‍ എസ് എം.എല്‍.എ.മാരായ മല്ലികാര്‍ജുന കുബെ, ജി.ടി. ദേവഗൗഡ, കെ.ജെ.പിയുടെ ബി.ആര്‍ പാട്ടീല്‍, സ്വതന്ത്ര എം.എല്‍.എ വര്‍ത്തൂര്‍ പ്രകാശ് എന്നിവർ പണം ആവശ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. വോട്ട് ചെയ്യാന്‍ അഞ്ചുകോടി രൂപ വരെ ആവശ്യപ്പെട്ടതായി ചാനലിന്‍റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

കര്‍ണാടകത്തില്‍ ഒഴിവു വരുന്ന നാലു രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 11നാണ് വോട്ടെടുപ്പ്. ഇതില്‍ നാലാമത്തെ സീറ്റിലേക്ക് കോണ്‍ഗ്രസിന്‍റെ മൂന്നാമത്തെ സ്ഥാനാര്‍ഥി കെ.സി. രാമമൂര്‍ത്തിയും ജനതാദള്‍ എസ് സ്ഥാനാര്‍ഥി ബി.എം ഫറൂഖും തമ്മിലാണ് കടുത്ത മത്സരം. പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി മംഗലാപുരത്തെ വ്യവസായി ബി.എം ഫറൂഖിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ജനതാദള്‍ എസിലെ അഞ്ച് എം.എല്‍.എമാര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 10 സ്വതന്ത്ര എം.എൽ.എമാരെ പാട്ടിലാക്കാനുള്ള ചരടുവലികൾ നടക്കുന്നത്.

മുതിർന്ന നേതാക്കളായ ജയറാം രമേശ്, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവരെ വിജയിപ്പിച്ചാലും കോണ്‍ഗ്രസിന് 33 വോട്ട് ബാക്കിവരും. ഇത് മുന്നില്‍ക്കണ്ടാണ് മൂന്നാമത്തെ സ്ഥാനാര്‍ഥിയായി മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ കെ.സി. രാമമൂര്‍ത്തിയെ മത്സരിപ്പിക്കുന്നത്. 44 അംഗങ്ങളുള്ള ബി.ജെ.പിക്ക് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ വിജയിപ്പിക്കാന്‍ ഒരംഗത്തിന്‍റെ പിന്തുണ കൂടി വേണം.

Full View

വിഡിയോ കടപ്പാട്: ഇന്ത്യാടുഡേ ഡോട്ട് ഇൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.