വ്യാജ ഏറ്റുമുട്ടല്‍ക്കൊല: സി.ബി.ഐ അന്വേഷണം വേണമെന്ന് യുവാവിന്‍െറ മാതാവ്

ഇംഫാല്‍: മണിപ്പുര്‍ തീവ്രവാദിഗ്രൂപ്പായ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) പ്രവര്‍ത്തകനെന്ന് ആരോപിച്ച് സഞ്ജിത് മെയ്തെയിയെന്ന യുവാവിനെ വ്യാജ ഏറ്റുമുട്ടലിലാണ് വധിച്ചതെന്ന് പൊലീസുകാരന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായിമാതാവ് ചുങ്ക്ഖാം താരാടോംബി സി.ബി.ഐക്ക് ഹരജി നല്‍കി. രോഗബാധിതനായ അച്ഛന് മരുന്ന് വാങ്ങാന്‍പോയ മകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നവാര്‍ത്തയാണ് കേട്ടതെന്ന് താരാടോംബി പറഞ്ഞു. സി.ബി.ഐ, അന്വേഷണം ഏറ്റെടുത്തേക്കുമെന്ന് ഒൗദ്യോഗികേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. മണിപ്പുര്‍ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബ്ള്‍ ഹെറോജിത് സിങ്ങാണ് വ്യാജ ഏറ്റുമുട്ടല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 2009 ജൂലൈയിലായിരുന്നു സംഭവം. നിരായുധനായ സഞ്ജിത് മെയ്തെയിയുടെ നെഞ്ചിലേക്ക് ഒമ്പത് എം.എം പിസ്റ്റള്‍ ഉപയോഗിച്ച് താന്‍ തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന് ഹെറോജിത് പറഞ്ഞു. മണിപ്പുര്‍ ഡി.ജി.പി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു. ഇംഫാല്‍ അഡീഷനല്‍ സൂപ്രണ്ടിന്‍െറ നിര്‍ദേശപ്രകാരമായിരുന്നു വെടിയുതിര്‍ത്തത് എന്നും പൊലീസുകാരന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.