പത്മപുരസ്കാരം: അനുപം ഖേറിനെ കളിയാക്കി സോഷ്യൽ മീഡിയ

ന്യൂഡൽഹി: പത്മഭൂഷണ്‍ ലഭിച്ച ബോളിവുഡ് നടന്‍  അനുപം ഖേറിന് തലവേദനയായി പഴയകാല ട്വീറ്റ്. 2010ൽ അനുപം ഖേറിട്ട ട്വീറ്റ് ആണ് സോഷ്യല്‍മീഡിയയില്‍ ചർച്ചയാവുന്നത്. ഇന്നലെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെ പങ്ക് വെച്ചതാണ് വിനയായത്. 'ഭാരതസര്‍ക്കാറില്‍ നിന്നും പത്മവിഭൂഷണന്‍ പുരസ്‌കാരം ലഭിച്ചെന്ന് അറിയിക്കുന്നതില്‍ സന്തോഷവും അഭിമാനവും ആദരവും തോന്നുന്നു. ജീവിതത്തിലെ ഏറ്റവും വലിയ വാര്‍ത്തയാണിത്' എന്നായിരുന്നു അനുപം ഖേറിൻെറ ട്വീറ്റ്.

എന്നാൽ 2010 ജനുവരി 26ന് അദ്ദേഹം പറഞ്ഞത് രാജ്യത്ത് അവാര്‍ഡുകള്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്നായിരുന്നു. 'നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ പരിഹാസ്യമായി മാറിയിരിക്കുകയാണ് രാജ്യത്ത് അവാര്‍ഡുകൾ, ഒരു പുരസ്‌കാരത്തിനും വിശ്വാസ്യതയില്ല. അത് സിനിമയിലായാലും, ദേശീയ- പത്മ പുരസ്‌കാരങ്ങളായാലും'എന്നായിരുന്നു അന്നത്തെ ട്വീറ്റ്. ഈ രണ്ട് ട്വീറ്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകളാണ് നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
 


അസഹിഷ്ണുതാ വിവാദം മോദി സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചപ്പോള്‍ രക്ഷക്കത്തെിയ ആളാണ് അനുപം ഖേര്‍. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരെ തിരുകിക്കയറ്റിയതിന് എതിരെ വിദ്യാര്‍ഥി സമരം നടക്കുകയും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡിലെ പ്രമുഖര്‍ രംഗത്തുവരുകയും പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി പ്രതികരിക്കുകയും ചെയ്തത് മോദി സര്‍ക്കാറിനെ വലച്ചിരുന്നു. ദാദ്രി, ഗോവിന്ദ പന്‍സാരെ, എം.എം. കല്‍ബുര്‍ഗി സംഭവങ്ങളെ തുടര്‍ന്ന് അസഹിഷ്ണുതയെചൊല്ലി സാഹിത്യ, സിനിമാ മേഖലയിലുള്ളവര്‍ പുരസ്കാരങ്ങള്‍ തിരിച്ചുകൊടുത്തത് കേന്ദ്രത്തിന് തിരിച്ചടിയായിരുന്നു. ഈ സമയത്ത് സിനിമാ മേഖലയിലുള്ളവരെ അണിനിരത്തി അനുപം ഖേർ ഡല്‍ഹിയില്‍ മോദിയെ അനുകൂലിച്ച് റാലി നടത്തിയിരുന്നു. കശ്മീര്‍ പണ്ഡിറ്റ് വിഷയത്തിലും കേന്ദ്ര സർക്കാര്‍ നിലപാടിനെയാണ് അനുപം ഖേര്‍ പിന്തുണച്ചത്. ഭാര്യയും നടിയുമായ കിരണ്‍ ഖേര്‍ ബി.ജെ.പി എം.പിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.