ചെന്നൈ: ഗ്രൂപ്പിസം ശക്തമായ കോണ്‍ഗ്രസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനെതിരെ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ഇ.വി.കെ.എസ്. ഇളങ്കോവന്‍. ബംഗാളിലെ ശാരദ അഴിമതിയില്‍പെട്ട ഭാര്യയെ രക്ഷിക്കുന്നതാണ് പാര്‍ട്ടിയില്‍ കുഴപ്പമുണ്ടാക്കുന്നതിനേക്കാള്‍ നല്ലതെന്ന് അദ്ദേഹം തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കുഴപ്പമുണ്ടാക്കാനും തമ്മില്‍ തല്ലിപ്പിക്കാനും ശ്രമിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ പഞ്ഞമില്ല. ചിദംബരത്തിന്‍െറ പിന്തുണയോടെ ഒരു വിഭാഗം ആശങ്ക സൃഷ്ടിക്കുകയാണ് എന്ന ആമുഖത്തോടെയാണ് ചിദംബരത്തിന് ഇളങ്കോവന്‍ ഉപദേശം നല്‍കുന്നത്. ഇളങ്കോവനെ താഴെയിറക്കാന്‍ ചിദംബരത്തിന്‍െറയും മറ്റു നേതാക്കളുടെയും നേതൃത്വത്തില്‍ കേന്ദ്രത്തിനുമേല്‍ ശക്തമായ സമ്മര്‍ദം തുടരുകയാണ്.
സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞദിവസം വിളിച്ച ജില്ലാ പ്രസിഡന്‍റുമാരുടെ യോഗത്തില്‍നിന്ന് ചിദംബരത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം വിട്ടുനിന്നിരുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നോട്ടമിട്ടിരിക്കുന്ന ചിദംബരം ഇളങ്കോവനെ പുറത്തുചാടിക്കാനുള്ള കരുനീക്കത്തിലാണ്. വിജയിച്ചില്ളെങ്കില്‍ ഒത്തുതീര്‍പ്പ് സാധ്യത എന്ന നിലയില്‍ തന്‍െറ നോമിനിയെ ആ സ്ഥാനത്തേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ട്.
ഇതിനിടെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുക്കാനും ശ്രമിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസിലും ഗ്രൂപ് പൊട്ടിത്തെറിയുടെ വക്കത്താണ്. സ്വകാര്യ കമ്പനികളില്‍ വന്‍ നിക്ഷേപമുണ്ടെന്ന സംശയത്തെതുടര്‍ന്ന് കഴിഞ്ഞമാസം കാര്‍ത്തിയുടെ ഓഫിസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.
ഭാര്യക്കും മകനുമെതിരായ നീക്കത്തെ രാഷ്ട്രീയമായി നേരിടാനുള്ള ചിദംബരത്തിന്‍െറ ശ്രമങ്ങള്‍ക്ക് തടയിടുന്ന ഇളങ്കോവനെ ഏതുവിധത്തിലും താഴെയിറക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.