ബാങ്കുകളിൽ സ്ഥാനകയറ്റത്തിന് സംവരണം വേണ്ട -സുപ്രീംകോടതി

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളിൽ സ്ഥാനകയറ്റത്തിന് സംവരണം വേണ്ടെന്ന് സുപ്രീംകോടതി. പട്ടിക വിഭാഗങ്ങൾക്ക് സംവരണം വേണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവ് ശരിവെച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പൊതുമേഖലാ ബാങ്കുകളിൽ പട്ടിക ജാതി-വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം അനുവദിക്കാൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജെ. ചെലമേശ്വറും ജസ്റ്റിസ് എ.കെ സിക്രിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ സുപ്രധാന വിധി.   

പൊതുമേഖലാ ബാങ്കുകളിൽ പട്ടിക ജാതി-വർഗ വിഭാഗക്കാരുടെ പ്രാതിനിധ്യം വളരെ കുറവാണ് എന്നത് ഒരു യാഥാർഥ്യമാണ്. സംവരണത്തിന്‍റെ കാര്യത്തിൽ സർക്കാരും ബാങ്കുകളുമാണ് തീരുമാനം എടുക്കേണ്ടത്. സംവരണം ഏർപ്പെടുത്തിയാൽ അത് ഏതുതലം വരെ വേണമെന്നുള്ളത് ബന്ധപ്പെട്ടവർക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പൊതുമേഖലാ ബാങ്കുകളിൽ ഗ്രേഡ് ഒന്ന് മുതൽ ആറ് വരെയുള്ള പദവികളിൽ പട്ടിക വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്നാണ് മദ്രാസ് ഹൈകോടതിയുടെ വിധി. ഈ വിധിക്കെതിരെ പൊതുമേഖലാ ബാങ്കുകൾ സമർപ്പിച്ച ഹരജി തള്ളിയ സുപ്രീംകോടതി 2015ൽ കീഴ്കോടതി വിധി ശരിവെച്ചിരുന്നു.

എന്നാൽ, കേന്ദ്രസർക്കാറിന്‍റെ പുന:പരിശോധനാ ഹരജിയിലൂടെ സുപ്രീംകോടതിയുടെ മുൻ വിധി തിരുത്തുകയാണ് ഡിവിഷൻ ബെഞ്ച് ചെയ്തത്. ഒരിക്കൽ തെറ്റുപറ്റിയാൽ അത് അംഗീകരിച്ച് തിരുത്തേണ്ടതും ഇത്തരം പുന:പരിശോധനാ ഹരജികൾ അനുവദിക്കേണ്ടതുമാണെന്നും കോടതി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.