പത്താന്‍കോട്ട് ആക്രമണം: ഇന്ത്യയെ പരിഹസിച്ച് ജെയ്ഷെ മുഹമ്മദ്

ന്യൂഡൽഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ പ്രതിരോധ ഏജന്‍സികളെ പരിഹസിച്ച് തീവ്രവാദ സംഘടന ജെയ്‌ഷെ മുഹമ്മദ് രംഗത്ത്.  ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസറാണ് രംഗത്തെത്തിയത്. എത്രപേരാണ് ആക്രമണത്തിന് പിന്നിലുള്ളതെന്ന് പറയാൻ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്നും ജിഹാദികളെ തുരത്താനുള്ള സൈനിക നടപടി നീണ്ടത് ദൗത്യത്തിന്‍റെ വിജയമാണെന്നും വിശദീകരിക്കുന്ന വിഡിയോ സന്ദേശത്തിൽ മസൂദ് അസർ പറയുന്നു.

ആദ്യം ഇന്ത്യൻ ഭരണകൂടം ആറുപേരെന്നു പറഞ്ഞു. പിന്നെ അത് അഞ്ചായി. അതിന് ശേഷം നാലെന്നു പറഞ്ഞു. ഭീരുക്കളെ പോലെ കണ്ണീരണിഞ്ഞ് വലിയൊരു രാജ്യം വിരലുകള്‍ ചുണ്ടി കുറ്റം ആരോപിക്കുന്നുവെന്നും വീഡിയോയിലുണ്ട്.

ആക്രമണത്തെക്കുറിച്ച്‌ ഇന്ത്യ നല്‍കുന്ന തെളിവുകള്‍ പാകിസ്താന്‍ സ്വീകരിക്കരുതെന്നും ഇന്ത്യയുടെ മുന്നില്‍ പാകിസ്താന്‍ മുട്ടുമടക്കുകയാണെന്നും ആരോപിക്കുന്നു. പതിമൂന്ന് മിനിറ്റ് വരുന്ന വീഡിയോയില്‍ ഭീകരര്‍ എങ്ങനെയാണ് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയതെന്നും വിശദീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ക്കും ടാങ്കുകള്‍ക്കും നേരെ ഭീകരര്‍ നിറയൊഴിച്ചതായും അവർ അവകാശപ്പെടുന്നു.

ജനുവരി രണ്ടിനുണ്ടായ പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ആറ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.