ഉമർ ഖാലിദും അനിർബൻ ഭട്ടാചാര്യയും പൊലീസിൽ കീഴടങ്ങി

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഡി.എസ്.യു നേതാക്കളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും പൊലീസിന് കീഴടങ്ങി. നിയമത്തിന്‍െറ വഴി തെരഞ്ഞെടുക്കാനുള്ള ഹൈകോടതിയുടെ ഉപദേശമനുസരിച്ചാണ് കീഴടങ്ങല്‍. ചൊവ്വാഴ്ച രാത്രി 11.45 ഓടെയാണ് ഇരുവരും ജെ.എന്‍.യു കാമ്പസിനു പുറത്തെത്തി പൊലീസിന് കീഴടങ്ങിയത്. ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത പൊലീസ് സമീപത്തെ വസന്ത്കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവര്‍ കീഴടങ്ങിയേക്കുമെന്ന സൂചനയത്തെുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം കാമ്പസിന് പുറത്തു കാത്തുനിന്നിരുന്നു.

രാജ്യദ്രോഹക്കുറ്റാരോപണം നേരിടുന്ന വിദ്യാര്‍ഥികളെ പിടികൂടാന്‍ പൊലീസിനെ ജെ.എന്‍.യുവില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ജെ.എന്‍.യു കാമ്പസില്‍നിന്ന് ഡല്‍ഹി ഹൈകോടതിവരെ വന്ന് കീഴടങ്ങാന്‍ സംരക്ഷണം വേണമെന്ന ഇരുവരുടെയും ആവശ്യം പ്രത്യേകം പരിഗണിക്കാന്‍ വിസമ്മതിച്ച ഹൈകോടതി, കനയ്യയുടെ കേസിനൊപ്പം ബുധനാഴ്ച ഈ കേസും പരിഗണിക്കാമെന്നും വ്യക്തമാക്കി. 

കീഴടങ്ങാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയ ഉമറും അനിര്‍ബനും ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം തേടിയാണ് ഹൈകോടതിയെ സമീപിച്ചത്. കനയ്യ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരമൊരാവശ്യം ഉന്നയിക്കുന്നതെന്ന് ഉമറും അനിര്‍ബനും ഹരജികളില്‍ വ്യക്തമാക്കിയിരുന്നു. കനയ്യ കുമാറും മാധ്യമപ്രവര്‍ത്തകരും ജെ.എന്‍.യു വിദ്യാര്‍ഥികളും ആക്രമിക്കപ്പെട്ട പട്യാല ഹൗസ് കോടതിയില്‍ ചെന്നാല്‍ തങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇരുവരും ബോധിപ്പിച്ചു. കനയ്യ കുമാറിനെക്കാള്‍ ആക്രമണമായിരിക്കും നേരിടേണ്ടിവരുകയെന്നും ഇരുവരും തുടര്‍ന്നു.

അസാധാരണമായ സാഹചര്യത്തിലാണ് ഈ കീഴടങ്ങല്‍ ഹരജി സമര്‍പ്പിക്കുന്നതെന്ന് ഉമറിനും അനിര്‍ബനും വേണ്ടി ഹാജരായ അഡ്വ. കാമിനി ജയ്സ്വാള്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍പോലും കനയ്യ ആക്രമിക്കപ്പെട്ട കാര്യം അവര്‍ ചൂണ്ടിക്കാട്ടി.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.