ചെന്നൈ: വന്ദ്യ വയോധികരെ കൊലക്കിരയാക്കുന്ന പ്രാകൃത ആചാരം തമിഴ്നാടിന്‍െറ പല ഭാഗത്തും സജീവമായി നിലനില്‍ക്കുന്നതായി പഠന റിപ്പോര്‍ട്ട്. ‘തലൈ കൂതല്‍’ (വൃദ്ധഹത്യ) എന്ന് അറിയപ്പെടുന്ന മനുഷ്യത്വരഹിതവും നിയമ വിരുദ്ധവുമായ കുരുതികള്‍ മധുര, വിരുദു നഗര്‍, തേനി ജില്ലകളില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ‘തമിഴ്നാട്ടിലെ വൃദ്ധ ഹത്യാ ഇരകളെ സംബന്ധിച്ച മദ്രാസ് സര്‍വകലാശാലയിലെ ക്രിമിനോളജി വകുപ്പ് അസിസ്റ്റന്‍റ് പ്രൊഫ. എം. പ്രിയവദയുടെ പഠനത്തിലാണ് സ്തോഭ ജനകമായ വിവരങ്ങളുള്ളത്.
ശാരീരിക-മാനസിക പ്രയാസങ്ങളാല്‍ അവശത അനുഭവിക്കുന്നതും കിടപ്പിലായവരുമായ വൃദ്ധരാണ് മരണത്തിന് ഇരയാകുന്നത്. ചികിത്സിക്കുന്നതിലുള്ള വന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും കൊലപാതകത്തിന് കാരണമാകുന്നു. മാതാപിതാക്കള്‍ക്ക് സ്വാഭാവിക മരണത്തിന് അവസരം കൊടുക്കാതെ സ്വന്തം മക്കള്‍ തന്നെയാണ് കൊലപാതകത്തിന് അനുമതി കൊടുക്കുന്നത്. നൂറ്റാണ്ടു മുമ്പ് തമിഴകത്ത് നിലനിന്ന ആചാരം ആധുനിക വീടിന്‍െറ നാലു ചുമരുകള്‍ക്കുള്ളില്‍ പരമ രഹസ്യമായി നടക്കുന്നതിനാല്‍ പുറംലോകം അറിയാറില്ല.
മണിക്കൂറുകള്‍ വെള്ളത്തിലിട്ട് കുളിപ്പിക്കുകയും ശേഷം ധാര ധാരായായി ഇളനീര്‍ കുടിപ്പിക്കുകയും ചെയ്യുന്നതോടെ പ്രതിരോധ ശേഷി കുറഞ്ഞ വൃദ്ധ ശരീരങ്ങളില്‍ പൊട്ടാസ്യത്തിന്‍െറയും സോഡിയത്തിന്‍െറയും അളവ് കുറയുകയും നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്തിരുന്നതാണ് പ്രാചീന രീതി. എന്നാല്‍, ആധുനീക കാലത്ത് തലൈ കൂതലിന്‍െറ പേരില്‍ 26 തരത്തില്‍ കൊലപാതകങ്ങള്‍ ആചരിച്ചു വരുന്നുണ്ടത്രെ. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം വിഷം കുത്തിവെച്ച് കൊല്ലുന്നതാണ് ഇതില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.
വിരുദു നഗര്‍ ജില്ലയില്‍ ഇടനിലക്കാരടങ്ങിയ വന്‍ നെറ്റ് വര്‍ക്ക് ഇതിന്‍െറ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗിയുടെ അവസ്ഥ അനുസരിച്ച് വിഷ പ്രയോഗത്തിന് 300 രൂപ മുതല്‍ 3,000 രൂപ വരെ ഈടാക്കുന്നുണ്ട്. തേനി ജില്ലയില്‍ സര്‍വസാധാരണമായി അനുഷ്ഠിച്ച് വരുന്നു. ഇവിടങ്ങളില്‍ വാടക കൊലയാളിക്കൊപ്പം സഹായിയെയും നിയോഗിക്കും. മകന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പിതാവിനെ സമാന രീതിയില്‍ കൊലപ്പെടുത്തിയ സംഭവം തേനി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൃഷിയും മറ്റ് അനുബന്ധ മേഖലകളിലും അവലംബിക്കുന്ന കുടുംബങ്ങളിലെ 67.8 ശതമാനം പേര്‍ വൃദ്ധഹത്യയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആചാരം അനുഷ്ഠിച്ചു വരുന്നതായി മുപ്പത് ശതമാനത്തിന് അറിയാം. കൂടുതല്‍ കഷ്ടപ്പെടാതെ വൃദ്ധരെ ഈ ആചാരത്തിന് വിട്ടുകൊടുക്കണമെന്ന് 22 ശതമാനം പേര്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.