കശ്മീര്‍ ഭരണ പ്രതിസന്ധി: പാര്‍ലമെന്‍റ് സമ്മേളനത്തിനുമുമ്പ് ബി.ജെ.പിയുടെ അവസാന നീക്കം

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം  പരിഹരിക്കാന്‍ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ആര്‍.എസ്.എസ് നേതാവുകൂടിയായ ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവിനെ ചുമതലപ്പെടുത്തി. പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനം തുടങ്ങുന്നതിനുമുമ്പ് ജമ്മു-കശ്മീരിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാനാണ് ബി.ജെ.പി അവസാന ശ്രമത്തിനിറങ്ങിയത്.
നിര്‍ണായക നിയമനിര്‍മാണങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ജമ്മു-കശ്മീര്‍ സഖ്യത്തിലെ വിള്ളല്‍ രാഷ്ട്രീയമായി വന്‍ തിരിച്ചടിയാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് അമിത് ഷാ സര്‍ക്കാറുണ്ടാക്കാനുള്ള അവസാന ശ്രമത്തിന് രാം മാധവിനെ നിയോഗിച്ചത്.
അസം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്ത ഏതാനും മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോള്‍ ജമ്മു-കശ്മീര്‍ സഖ്യം തകരുന്നത് ബി.ജെ.പിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും കേന്ദ്ര നേതൃത്വം ഭയക്കുന്നു.
അതുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചക്ക് സ്വന്തം നിലയില്‍ മുന്നിട്ടിറങ്ങുന്നത്. അതേസമയം, സര്‍ക്കാര്‍ രൂപവത്കരണത്തിനുമുമ്പ് കശ്മീരികള്‍ക്കായി വിശ്വാസ വര്‍ധക നടപടികള്‍ കൈക്കൊള്ളണമെന്ന പി.ഡി.പിയുടെ ആവശ്യം അംഗീകരിക്കാന്‍ ഇതുവരെയും ബി.ജെ.പി തയാറായിട്ടില്ല. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സര്‍ക്കാര്‍ ആയിട്ടും അതില്‍നിന്നും വ്യതിചലിച്ച സമീപനമാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിലയിരുത്തലിലാണ് മഹ്ബൂബ പിന്നാക്കം പോയത്. ജമ്മു-കശ്മീര്‍ നിയമസഭയില്‍ ബീഫ് വിവാദം ഉണ്ടാക്കിയതടക്കമുള്ള വിഷയങ്ങള്‍ കശ്മീരികള്‍ക്ക് ബി.ജെ.പിയെക്കുറിച്ചുള്ള ആശങ്കയേറ്റിയതിന്‍െറ തെളിവായി മഹ്ബൂബ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. കശ്മീരില്‍ പി.ഡി.പിയുമായി ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കിയിരുന്നത് രാം മാധവ് ആയിരുന്നു.
ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്ക് രാം മാധവിനെ അയച്ച അമിത് ഷാ, മഹ്ബൂബയുമായും ബി.ജെ.പി സഖ്യത്തിന് ചരടുവലിച്ച പി.ഡി.പി നേതാക്കളുമായും ചര്‍ച്ച നടത്താന്‍ ശട്ടംകെട്ടിയിട്ടുണ്ട്. എന്നാല്‍, ബി.ജെ.പിയില്‍നിന്നാരെങ്കിലും ചര്‍ച്ചക്ക് വരുന്നുവെന്ന അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ളെന്ന് പി.ഡി.പി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.