‘സ്ക്രാംജെറ്റ്’ എന്‍ജിന്‍ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലുമായി ഐ.എസ്.ആര്‍.ഒ നടത്തിയ റോക്കറ്റ് വിക്ഷേപണം വിജയകരം. അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത് ഇന്ധനം കത്തിക്കുന്ന എയര്‍ബ്രീത്തിങ് സ്ക്രാംജെറ്റ് എന്‍ജിന്‍ റോക്കറ്റ് (ഡി.എം.ആര്‍ ജെറ്റ്)ന്‍റെ പരീക്ഷണ വിക്ഷേപണമാണ് വിജയിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് പുലർച്ചെ ആറിനാണ് സ്ക്രാംജെറ്റ് എന്‍ജിന്‍ വഹിച്ചു കൊണ്ടുള്ള റോക്കറ്റ് കുതിച്ചുയർന്നത്.

‘സ്ക്രാംജെറ്റ്’ എന്‍ജിന്‍ പരീക്ഷണ വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ ചെയർമാൻ ഡോ. കിരൺ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. റോക്കറ്റ് വിക്ഷേപിച്ച് 11 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോഴാണ് രണ്ട് സ്ക്രാംജെറ്റ് എന്‍ജിനുകൾ പ്രവർത്തിപ്പിച്ചത്. പരീക്ഷണത്തിന്‍റെ ഭാഗമായി എന്‍ജിനുകൾ 55 സെക്കൻഡ് ജ്വലിപ്പിച്ചെന്നും ചെയർമാർ അറിയിച്ചു.

‘സ്ക്രാംജെറ്റ്’ എന്‍ജിന്‍ റോക്കറ്റിന്‍റെ പ്രവർത്തനം
 


നിലവില്‍ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ എന്‍ജിന്‍ ജ്വലിപ്പിക്കുന്നതിനായി ഇന്ധനവും ഓക്സൈഡുകളുമാണ് ഉപയോഗിക്കുന്നത്. ഓക്സൈഡുകള്‍ക്ക് പകരമായി അന്തരീക്ഷത്തില്‍നിന്ന് ഓക്സിജന്‍ നേരിട്ട് സ്വീകരിച്ച് ജ്വലനത്തിന് ഉപയോഗിക്കുന്നതാണ് സ്ക്രാംജെറ്റ് എന്‍ജിനുകളുടെ പ്രത്യേകത. 70 കിലോമീറ്റര്‍ ഉയരത്തിലെത്തി അഞ്ച് സെക്കന്‍ഡിനുള്ളില്‍ റോക്കറ്റ് ദൗത്യം പൂര്‍ത്തിയാക്കും. നിലവില്‍ ചൈന, റഷ്യ, അമേരിക്ക, ഫ്രാന്‍സ് പോലുള്ള വമ്പന്‍ രാജ്യങ്ങളില്‍ ഈ സാങ്കേതികത ഉപയോഗിക്കുന്നുണ്ട്. ശബ്ദത്തേക്കാള്‍ ആറു മടങ്ങ് വേഗത്തില്‍ കുതിക്കാന്‍ കഴിവുള്ളതാണ് വിക്ഷേപണ വാഹനം.

ആര്‍.എച്ച് ശ്രേണിയിലുള്ള രണ്ട് റോക്കറ്റുകളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് പുതിയ റോക്കറ്റിന്‍െറ രൂപകല്‍പന. നിലവില്‍ റോക്കറ്റുകളില്‍ ഇന്ധനവും ഓക്സൈഡും പ്രത്യേക അറകളിലാണ് സൂക്ഷിക്കുന്നത്. റോക്കറ്റിന്‍െറ ഭാരത്തില്‍ 80 ശതമാനവും ഈ ഓക്സൈഡുകളാണ്. സ്ക്രാംജെറ്റ് വിജയിച്ചാല്‍ റോക്കറ്റിന്‍െറ ഭാരം കുറയുന്നതോടെ കൂടുതല്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാനും കഴിയും.

കഴിഞ്ഞ ജൂലൈ 28ന് വിക്ഷേപണത്തിന് തയാറെടുത്തെങ്കിലും ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ലയറിലേക്ക് പോയ വ്യോമസേന വിമാനം കാണാതായതോടെ മാറ്റുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.