മെഡിക്കല്‍ പ്രവേശ തട്ടിപ്പ് കേസ്: എസ്.ആര്‍.എം സര്‍വകലാശാല ചാന്‍സലര്‍ പച്ചമുത്തു അറസ്റ്റില്‍

ചെന്നൈ: എസ്.ആര്‍.എം സര്‍വകലാശാല ചാന്‍സലറും സ്ഥാപനങ്ങളുടെ ഉടമയുമായ പ്രമുഖ വ്യവസായിയും ഇന്ത്യ ജനനായക കക്ഷി അധ്യക്ഷനുമായ ടി.ആര്‍. പച്ചമുത്തുവിനെ  മെഡിക്കല്‍ പ്രവേശ ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളില്‍ ചെന്നൈ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. 111 വിദ്യാര്‍ഥികളില്‍നിന്ന് 75 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്.
പരാതികളില്‍ പച്ചമുത്തുവിനെ ചോദ്യം ചെയ്യാത്തതില്‍ മദ്രാസ് ഹൈകോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നു. വ്യാഴാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത് എഗ്മൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ ചോദ്യംചെയ്തശേഷം വെള്ളിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇദ്ദേഹത്തെ രാജീവ്ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുയായിയായ സിനിമാ നിര്‍മാതാവ് മദന്‍െറ തിരോധാന കേസിലും പച്ചമുത്തു പ്രതിയാണ്.പ്രവേശ തട്ടിപ്പുമായി ബന്ധപ്പെട്ട് വഞ്ചന,  സ്വത്ത് തട്ടിയെടുക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രവേശ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മുമ്പ് നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.
എസ്.ആര്‍.എം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 111 വിദ്യാര്‍ഥികളില്‍നിന്ന് തലവരി പണം  പിരിച്ചെങ്കിലും പ്രവേശം നല്‍കാതെ വഞ്ചിക്കുകയായിരുന്നു. 75 കോടിയുടെ തട്ടിപ്പാണ് പുറത്തുവന്നത്.  വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ കേസ് ചെന്നൈ സിറ്റി പൊലീസിന്‍െറ കീഴിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മാസങ്ങളായിട്ടും പച്ചമുത്തുവിനെ ചോദ്യം ചെയ്യാത്തത് എന്താണെന്ന് കോടതി അന്വേഷണ സംഘത്തില്‍നിന്ന്  വിശദീകരണം തേടിയിരുന്നു.
പച്ചമുത്തു സ്ഥാപിച്ച ഇന്ത്യാ ജനനായക കക്ഷിയുടെ നേതാവും സിനിമാ നിര്‍മാതാവും കൂടിയായ വേന്തര്‍ മൂവിസിലെ മദന്‍െറ മാനേജര്‍ സുധീര്‍, അക്കൗണ്ടന്‍റ് ഗുണ, പാര്‍ട്ടി ഡോക്ടേഴ്സ് വിഭാഗം നേതാവ് പാര്‍ക്കവന്‍ പച്ചമുത്തു, പാര്‍ട്ടിയുടെ മധുരയിലെ നേതാവ് ഷണ്‍മുഖന്‍ തുടങ്ങിയവര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് കൂടുതല്‍ പണം പിരിച്ചെടുത്ത മദന്‍ രണ്ടുമാസം മുമ്പ് അപ്രത്യക്ഷനായി. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇയാള്‍ എഴുതിയതായി സംശയിക്കുന്ന അഞ്ച് പേജുള്ള കത്ത് പൊലീസ് കണ്ടെടുത്തിരുന്നു.
താന്‍ വാരാണസിയില്‍ പോയി സമാധിയാകുകയാണെന്ന വാട്ട്സ് ആപ് സന്ദേശവും ഇതിനിടെ പ്രചരിപ്പിക്കപ്പെട്ടു. മദനെ കാണാതായതിന് പിന്നില്‍  എസ്.ആര്‍.എം ഉടമകളാണെന്ന് ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി.
സ്ഥാപനത്തിന്‍െറ പേര് ദുരുപയോഗംചെയ്ത് മദന്‍ വിദ്യാര്‍ഥികളെ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്.ആര്‍.എം ഗ്രൂപ്പും പരാതി നല്‍കിയിരുന്നു. നിരവധി മലയാളികള്‍  ഇവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. എസ്.ആര്‍.എം ഗ്രൂപ്പിന്‍െറ കീഴില്‍ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികള്‍, ഐ.ടി കമ്പനികള്‍, ന്യൂസ് ചാനല്‍, ലോജിസ്റ്റിക്, ഫ്ളാറ്റ് നിര്‍മാണം  എന്നിവ നടക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.