ഭീകരതക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്താന് ഇന്ത്യയുടെ കത്ത്

ന്യൂഡല്‍ഹി: കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍ ചര്‍ച്ചക്ക് തയാറെന്ന് ആവര്‍ത്തിച്ച് ഇന്ത്യ പാകിസ്താന് അടിയന്തര പ്രാധാന്യമുള്ള കത്തയച്ചു. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ കത്ത് ബുധനാഴ്ച രാത്രിതന്നെ പാക്  വിദേശകാര്യ സെക്രട്ടറി ഐജാസ് അഹ്മദ് ചൗധരിക്ക് കൈമാറി. മേഖലയിലെ സുരക്ഷയെക്കുറിച്ചും പാക് അധിനിവേശ കശ്മീരിനെക്കുറിച്ചും ചര്‍ച്ചചെയ്യാനുള്ള സന്നദ്ധതയും കത്തില്‍ അറിയിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ചചെയ്താണ് കത്ത് തയാറാക്കിയത്.

കശ്മീരിലെ ഇപ്പോഴത്തെ സംഘര്‍ഷങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് ചര്‍ച്ചക്കുള്ള സന്നദ്ധതയുമായി ആഗസ്റ്റ് 15ന് പാകിസ്താന്‍ ഇന്ത്യക്ക് കത്തയച്ചിരുന്നു. ആഗസ്റ്റ് 19ന് ഈ കത്തിനുള്ള മറുപടിയില്‍ പാകിസ്താന്‍െറ ആരോപണം തള്ളിയ ഇന്ത്യ സെക്രട്ടറിതല ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഭീകരതയാണ് പ്രധാന വിഷയമെന്ന നിലപാട് കടുപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. അതിന് അന്നുതന്നെ പാകിസ്താനും മറുപടി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്ത്യ ബുധനാഴ്ച ഹൈകമീഷണര്‍ ഗൗതം ബംബവാലെ മുഖേന നല്‍കിയത്. ഇന്ത്യയും അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ സംഭവിച്ച മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തില്‍ നിരവധി കൂടിയാലോചനകള്‍ക്കുശേഷമാണ് കത്ത് രൂപപ്പെടുത്തിയത്.  

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗൗരവ ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ തയാറാണെങ്കില്‍ പത്താന്‍കോട്ട് ആക്രമണം മുതലുള്ള കാര്യങ്ങള്‍  ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി ഇന്ത്യയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം പ്രചാരണങ്ങളിലൂടെ പ്രശ്നങ്ങള്‍ വഷളാക്കാനാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നതെങ്കില്‍ അത് നേരിടാന്‍ തയാറാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.