ത്യാഗി, ഡോവല്‍, മിശ്ര ബന്ധം ചോദ്യംചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയില്‍ വ്യോമസേനാ മുന്‍മേധാവി എസ്.പി. ത്യാഗിക്ക് പങ്കുണ്ടെന്ന് ഇറ്റാലിയന്‍ കോടതി കണ്ടത്തെിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനൊപ്പം, ത്യാഗിക്ക് ഭരണതലത്തിലെ ഉന്നതരും ആര്‍.എസ്.എസിന്‍െറ ബുദ്ധികേന്ദ്രമായ വിവേകാനന്ദ ഫൗണ്ടേഷനുമായുള്ള ബന്ധം കോണ്‍ഗ്രസ് ചോദ്യം ചെയ്തു.
വിവേകാനന്ദ ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷന്‍െറ ഭാഗമാണ് എസ്.പി. ത്യാഗിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര എന്നിവരുമായി ത്യാഗിക്കുള്ള ബന്ധം എന്താണെന്ന് അദ്ദേഹം ചോദിച്ചു. അജിത് ഡോവലിനും നൃപേന്ദ്ര മിശ്രക്കും വിവേകാനന്ദ ഫൗണ്ടേഷനുമായുള്ള ബന്ധം സുര്‍ജേവാല ചൂണ്ടിക്കാട്ടി.
വ്യോമസേനാ മുന്‍തലവന് അഴിമതിയില്‍ പങ്കുണ്ടെന്നും ഒന്നരക്കോടി വരെ ഡോളറിന്‍െറ അനധികൃത ഫണ്ടില്‍നിന്ന് ഒരു ഭാഗം ഇന്ത്യന്‍ അധികൃതരില്‍ എത്തിയെന്ന് ആധികാരികമായി തെളിയിക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കിയതായി ‘ഇക്കണോമിക് ടൈംസ്’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഈ വിഷയം ഉയര്‍ത്തിയത്. അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലൂടെ 65 ലക്ഷം രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്ന് സി.എ.ജി കുറ്റപ്പെടുത്തിയ ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങിനെതിരെ മോദിസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും സുര്‍ജേവാല ചോദിച്ചു.
1.14 കോടി രൂപ അഗസ്റ്റ കോപ്ടര്‍ ഇടപാടിലൂടെ ഖജനാവിന് നഷ്ടംവരുത്തിയെന്നാണ് രാജസ്ഥാന്‍ സര്‍ക്കാറിനെതിരായ സി.എ.ജി വിമര്‍ശം.
മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ മോദിസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ളെന്നും സുര്‍ജേവാല പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.