കലാപഭീതി: ദാദ്രിയില്‍ ഹിന്ദു–മുസ്ലിം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചെന്ന്

ലഖ്നോ: ഗോമാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്ന ദാദ്രിയില്‍ ഹിന്ദു യുവാവും മുസ്ലിം യുവതിയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ വിസമ്മതിച്ചതായി ആരോപണം. വര്‍ഗീയ കലാപമുണ്ടാകുമെന്ന ആശങ്കയിലാണത്രെ രജിസ്ട്രാര്‍ ഓഫിസര്‍ രജിസ്ട്രേഷന് വിസമ്മതിച്ചത്. 24കാരനായ മഞ്ജീത് ഭാട്ടിയും 20കാരി സല്‍മയും കഴിഞ്ഞ ഒക്ടോബര്‍  19നാണ് ദാദ്രിയില്‍നിന്ന് ഒളിച്ചോടിപ്പോയത്. അലഹബാദിലെ ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ ആര്യസമാജം ക്ഷേത്രത്തില്‍ ഹിന്ദുമതം സ്വീകരിച്ച സല്‍മ സ്വപ്ന ആര്യയെന്ന് പേര് മാറ്റി മഞ്ജീതിനെ വിവാഹം കഴിക്കുകയായിരുന്നു.

ജനുവരിയില്‍ രജിസ്റ്റര്‍ ഓഫിസിലത്തെിയ തങ്ങളോട് രജിസ്ട്രാര്‍ ഓഫിസര്‍ 20,000 രൂപ കൈക്കൂലി ചോദിച്ചതായി മഞ്ജീത് പറയുന്നു. അഞ്ചു മാസമായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ് ഇരുവരും. വിവാദമായതോടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കാമെന്ന് ഗൗതം ബുദ്ധ് നഗര്‍ കലക്ടര്‍ എന്‍.പി. സിങ് ഉറപ്പുനല്‍കി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹം കഴിക്കുന്നതില്‍ തടസ്സമില്ളെന്നും അത് രജിസ്റ്റര്‍ ചെയ്തുകൊടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും സിങ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നുപറഞ്ഞ് സല്‍മയുടെ ബന്ധുക്കള്‍ മഞ്ജീതിനെതിരെ കേസ് നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്ന് സല്‍മ പറഞ്ഞു. ചെറുപ്പത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട  സല്‍മ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. സല്‍മയുടെ ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് തങ്ങള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് മീറത്തിലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകുകയായിരുന്നെന്നും ദമ്പതികള്‍ പറഞ്ഞു. മജിസ്ട്രേറ്റ് സല്‍മയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.