രാജ്യസ്നേഹിയെന്ന് പറയേണ്ടിവരുന്നത് കരച്ചിലുണ്ടാക്കുന്നു -ഷാരൂഖ് ഖാൻ

ന്യൂഡൽഹി: താൻ ഈ രാജ്യക്കാരനാണെന്നും രാജ്യസ്നേഹിയാണെന്നും പറയാൻ നിർബന്ധിക്കപ്പെടുമ്പോൾ കരച്ചിൽ വരാറുണ്ടെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ഇന്ത്യ ടി.വിയിലെ 'ആപ് കി അദാലത്ത്' പരിപാടിയിലാണ് ഷാരൂഖ് മനസ്സ് തുറന്നത്. എല്ലാവരെക്കാളുമേറെ താനീ രാജ്യത്തെ സ്നേഹിക്കുന്നുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

നമ്മൾ രാജ്യസ്നേഹിയാണെന്ന് തെളിയിക്കാൻ മറ്റുള്ളവരോട് മത്സരിക്കേണ്ടതില്ല. എല്ലാ യുവജനങ്ങളോടും എനിക്ക് പറയാനുള്ളത്, സഹിഷ്ണുതയോടെ സന്തോഷത്തോടെ കഠിനാധ്വാനത്തിലൂടെ നാടിനെ മുന്നോട്ടു നയിക്കണമെന്നാണ്. ചെറിയ ചെറിയ കാര്യങ്ങൾ നമ്മുടെ രാജ്യത്തിൻെറ താത്പര്യങ്ങളെ  തകർക്കരുത്.

ലോകത്തെ ഏറ്റവും സുരക്ഷിതവും സുന്ദരവുമായ രാജ്യത്താണ് നാം ജീവിക്കുന്നത്. ചെറിയ കാര്യങ്ങളിൽ നമ്മൾ ഉടക്കി നിൽക്കരുത്. എന്നേക്കാൾ വലിയ രാജ്യസ്നേഹി ഇവിടെയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇക്കാര്യത്തിൽ എൻെറ അന്തിമമായ പ്രസ്താവനയാണിത്. ഇത് ഞാൻ ആവർത്തിക്കില്ലെന്നും ഷാരൂഖ് വ്യക്തമാക്കി.

എൻെറ പിതാവ് രാജ്യത്തിൻെറ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ ആളാണ്. ഞങ്ങൾക്ക് രാജ്യം നീതി നൽകിയില്ല എന്ന് എങ്ങനെ കരുതാൻ സാധിക്കും. ഈ നാട്ടിൽ നിന്ന് എല്ലാം ലഭിച്ച ഞാൻ, രാജ്യത്തെ പറ്റി പരാതിപ്പെടുന്ന അവസാനത്തെ ആളായിരിക്കുമെന്നും ഷാരൂഖ് പറഞ്ഞു.

രാജ്യത്ത് നിലനിൽക്കുന്ന അസഹിഷ്ണുതക്കെതിരെ സംസാരിച്ചതിന് നേരത്തെ ഷാരൂഖിനെതിരെ വിമർശമുയർന്നിരുന്നു. എന്നാൽ ഇന്ത്യ അസഹിഷ്ണുത രാജ്യമാണെന്ന് താൻ പറഞ്ഞിട്ടില്ല എന്നായിരുന്നു ഷാരൂഖ് പിന്നീട് വ്യക്തമാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.